Politics

നഗരസഭയിലെ വോട്ടുചോർച്ച സന്ദീപ് ഇഫക്ട് തന്നെയെന്ന് തെളിഞ്ഞു

പാലക്കാട്: ബി.ജെ.പി സ്ഥാനാർഥിയായിരുന്ന സി. കൃഷ്ണകുമാർ ഇല്ലെന്നുപറഞ്ഞ ‘വാര്യർ ഇഫക്‌ട്’ പാലക്കാട് നഗരസഭയില്‍ സംഭവിച്ചിട്ടുണ്ടെന്ന് ബൂത്തുതല കണക്കുകള്‍.

104 ബൂത്തുകളുള്ള പാലക്കാട് നഗരസഭയിലെ സ്വാധീനപ്രദേശങ്ങളില്‍ നിന്ന് ബി.ജെ.പിക്ക് വലിയതോതില്‍ വോട്ടുചോർച്ചയുണ്ടായിട്ടുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ബി.ജെ.പി കേഡർ വോട്ടുകളില്‍ ശരാശരി 30 മുതല്‍ 50 വരെ കുറവുവന്നതായാണ് കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്.

സന്ദീപ് വാര്യരുടെ സ്വാധീനത്തില്‍ 3,000 മുതല്‍ 4,000 വരെ വോട്ടുകള്‍ കോണ്‍ഗ്രസിന് അധികം ലഭിച്ചിട്ടുണ്ടെന്നാണ് ബി.ജെ.പി ബൂത്തുകമ്മിറ്റികളുടെ വിലയിരുത്തല്‍. ഈ വോട്ട് മറിഞ്ഞത് കൃഷ്ണകുമാറിനോടുള്ള വിയോജിപ്പ് മാത്രമായി എഴുതിത്തള്ളാൻ സാധിക്കില്ല. കൃഷ്ണകുമാറിനോടുള്ള വിയോജിപ്പില്‍ ബി.ജെ.പി കേഡർ വോട്ടുകള്‍ ഒരിക്കലും കോണ്‍ഗ്രസ് സ്ഥാനാർഥിക്ക് ലഭിക്കില്ല.

നഗരസഭയില്‍ ഓരോ ബി.ജെ.പി പ്രവർത്തകനും മുഖ്യശത്രുവായി കാണുന്നത് കോണ്‍ഗ്രസിനെയാണ് എന്നതാണ് കാരണം. സ്ഥാനാർഥിവിരുദ്ധ വോട്ടുകളായിരുന്നെങ്കില്‍ അത് ഇടത് സ്വതന്ത്രനായ ഡോ. പി. സരിനോ നോട്ടക്കോ ലഭിക്കുമായിരുന്നു. എന്നാല്‍, സ്വാധീന പ്രദേശങ്ങളില്‍ ബി.ജെ.പിക്ക് വോട്ട് കുറയുകയും ആ വോട്ടുകള്‍ യു.ഡി.എഫ് സ്ഥാനാർഥിക്ക് അധികമായി ലഭിക്കുകയും ചെയ്തിട്ടുണ്ട്. സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തിന് ശേഷമാണ് ഈ മാറ്റം.

സന്ദീപ് വാര്യരിലൂടെ ബി.ജെ.പിയുടെ ശക്തികേന്ദ്രങ്ങളില്‍ കോണ്‍ഗ്രസിന് കടന്നുകയറാൻ സാധിച്ചിട്ടുണ്ട്. ഇതിന് തെളിവാണ് ലക്ഷ്മി നാരായണപുരം, മുരുകണി, പുത്തൂർ, ശേഖരിപുരം, നൂറണി, മൂത്താൻതറ, വടക്കന്തറ എന്നീ പ്രദേശങ്ങളിലെ കോണ്‍ഗ്രസ് സ്ഥാനാർഥിയുടെ മുന്നേറ്റം. മുരുകണിയിലെ പത്താം നമ്ബർ ബൂത്തില്‍ എഴുപതോളം വോട്ട് യു.ഡി.എഫ് അധികം നേടിയതും പുത്തൂരിലെ പതിമൂന്നാം നമ്ബർ ബൂത്തില്‍ 150 വോട്ടുകള്‍ അധികംനേടി യു.ഡി.എഫ് ലീഡ് പിടിച്ചതും ബി.ജെ.പി നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്.

നിലവിലെ നഗരസഭാ ചെയർപേഴ്സൻ്റെ പ്രവർത്തനമേഖലയാണ് പുത്തൂർ. ഈ പ്രദേശത്ത് 20 വർഷത്തെ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ആദ്യമായാണ് യു.ഡി.എഫ് ഭൂരിപക്ഷം കരസ്ഥമാക്കുന്നത്. ഈ പ്രദേശങ്ങളില്‍ വ്യക്തിപരമായ സ്വാധീനം ചെലുത്താൻ സന്ദീപ് വാര്യർക്ക് കഴിഞ്ഞിട്ടുണ്ടെന്നാണ് ബി.ജെ.പി പ്രാദേശിക നേതൃത്വത്തിൻ്റെ വിലയിരുത്തല്‍.
മൂത്താൻതറ, വടക്കന്തറ പ്രദേശങ്ങളില്‍ കോണ്‍ഗ്രസിന് സാന്നിധ്യമറിയിക്കാൻ കഴിയുന്നത് ആർ.എസ്.എസ് കേന്ദ്രങ്ങളെയും ഞെട്ടിച്ചിട്ടുണ്ട്. നഗരസഭയില്‍ ബി.ജെ.പിക്ക് പത്തില്‍ താഴെ സീറ്റ് മാത്രം ലഭിച്ചിരുന്ന സമയത്തും ഈ പ്രദേശങ്ങളില്‍ കോണ്‍ഗ്രസിനും സി.പി.എമ്മിനും 100ല്‍ താഴെ വോട്ട് മാത്രമാണ് ലഭിച്ചിരുന്നത്.

ഇവിടെയുള്ള അഞ്ച് ബൂത്തുകളില്‍ നിന്ന് 529 വോട്ടുകള്‍ യു.ഡി.എഫ് സ്ഥാനാർഥി നേടിയത് ആർ.എസ്.എസിലും ബി.ജെ.പിയിലും ഒരുപോലെ അസ്വസ്ഥത പടർത്തുന്നുണ്ട്. സന്ദീപ് വാര്യർ ‘ഇഫക്‌ട്’ സംഭവിക്കാതിരിക്കാൻ ആർ.എസ്.എസ് നേരിട്ട് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ അഞ്ച് ബൂത്തുകളിലാണ് ഈ തിരിച്ചടി എന്നതും ശ്രദ്ധേയമാണ്.

About the author

KeralaNews Reporter

Add Comment

Click here to post a comment