Kerala

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ് പുനഃരുജ്ജീവിപ്പിക്കാന്‍ നിയമോപദേശം തേടാന്‍ പൊലീസ്

കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ് പുനഃരുജ്ജീവിപ്പിക്കാന്‍ നിയമോപദേശം തേടാന്‍ പൊലീസ്. കേസ് തീർപ്പാക്കാനുള്ള ഹൈക്കോടതി ഉത്തരവ് പുനഃപരിശോധിക്കണമെന്ന് പെണ്‍കുട്ടിയുടെ കുടുംബം കോടതിയെ സമീപിക്കും. തന്റെ മകള്‍ നേരിട്ടത് ക്രൂര മര്‍ദ്ദനമാണെന്നും രാഹുലിനും കുടുംബത്തിനുമെതിരായ പരാതിയുമായി മുന്നോട്ട് പോകുമെന്നും പിതാവ് പറഞ്ഞു.

‘മകള്‍ നേരിട്ടത് ക്രൂരമര്‍ദ്ദനം. ആശുപത്രിയില്‍ എത്തിക്കാന്‍ പോലും രാഹുലും കുടുംബവും തയ്യാറായില്ല. രാഹുല്‍ സൈക്കോപാത്ത് ആണ്. പഴയ കേസില്‍ നിന്നും പിന്മാറിയത് ഭീഷണികാരണം. അന്ന് മകള്‍ ഇട്ട വീഡിയോ രാഹുല്‍ എഴുതി നല്‍കിയതാണ്. കേസുമായി മുന്നോട്ട് പോകും. മകളും പരാതിയില്‍ ഉറച്ചുനില്‍ക്കുന്നു’, പിതാവ് പറഞ്ഞു.

രാഹുലിനെ ഒപ്പം കഴിയാന്‍ താല്‍പര്യമില്ലെന്ന് യുവതിയും പൊലീസിനെ അറിയിച്ചു. കഴിഞ്ഞ ദിവസം രാഹുല്‍ ക്രൂരമായി മര്‍ദ്ദിച്ച യുവതി ചികിത്സയ്ക്ക് ശേഷം മാതാപിതാക്കള്‍ക്കൊപ്പം നാട്ടിലേക്ക് മടങ്ങി. കറിയില്‍ ഉപ്പ് കുറഞ്ഞെന്നാരോപിച്ചാണ് രാഹുല്‍ യുവതിയെ മര്‍ദ്ദിച്ചത്. തലയ്ക്കുള്‍പ്പെടെ പരിക്കേറ്റ യുവതിയെ രാഹുലും അമ്മയും ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. സംഭവത്തില്‍ നരഹത്യ, ഗാര്‍ഹിക പീഡനം തുടങ്ങിയ വകുപ്പുകള്‍ ചുമത്തി രാഹുലിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പുറമെ പഴയകേസ് പുനരുജ്ജീവിപ്പിക്കാന്‍ സാധിക്കുമോയെന്ന് നിയമോപദേശം തേടിയിരിക്കുകയാണ് കുടുംബവും പൊലീസും.

ഇക്കഴിഞ്ഞ മെയിലാണ് രാഹുലിന് എതിരെ യുവതി ആദ്യ ഗാര്‍ഹിക പീഡന പരാതി നല്‍കിയത്. കേസില്‍ വീഴ്ച വരുത്തിയെന്ന കാരണത്താല്‍ പന്തീരാങ്കാവ് ഇന്‍സ്‌പെക്ടര്‍ അടക്കം രണ്ട് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ യുവതി പരാതിയില്‍ നിന്ന് പിന്മാറിയതോടെ ഒരു മാസം മുന്‍പ് ഹൈക്കോടതി ഈ കേസ് റദ്ദ് ചെയ്യുകയായിരുന്നു.

About the author

KeralaNews Reporter

Add Comment

Click here to post a comment