പാലക്കാട്: വടക്കഞ്ചേരി ദേശീയപാതയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപെട്ടു. സംഭവത്തിൽ ബസിലുണ്ടായിരുന്ന പതിനഞ്ചോളം ഭക്തർക്കാണ് പരിക്കേറ്റത്. എന്നാൽ ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് ഇപ്പോൾ ലഭ്യമാവുന്നത്. ദേശീയ പാതയിലെ അഞ്ചുമൂർത്തി മംഗലത്താണ് അപകടം നടന്നത്. പുലർച്ചെയായിരുന്നു സംഭവം നടന്നത്.
തമിഴ്‌നാട്ടിൽ നിന്നും ശബരിമലയിലേക്ക് പോവുകയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. ഇരുപത്തിയഞ്ചിലധികം യാത്രക്കാർ ബസിൽ ഉണ്ടായിരുന്നു. പരിക്കേറ്റവരെ ഉടൻ ആലത്തൂരിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വാഹനത്തിന്റെ നിയന്ത്രണംതെറ്റി ഡിവൈഡറിൽ ഇടിച്ചതാണെന്നാണ് ഹൈവേ പോലീസ് അറിയിക്കുന്നത്.
ബസ് മറിഞ്ഞതിന് പിന്നാലെ പിന്നിൽ വരികയായിരുന്ന ലോറി ബസിന് പിടിച്ചെങ്കിലും കൂടുതൽ അപകടങ്ങൾ ഉണ്ടായില്ല. അപകടം നടന്നതിന് പിന്നാലെ നാട്ടുകാർ രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. പിന്നാലെ വിവരം അറിഞ്ഞെത്തിയ അഗ്നിശമനാ സേനയും രക്ഷാപ്രവർത്തനത്തിൽ സജീവമായി പങ്കെടുത്തിരുന്നു.
ഡ്രൈവർ ഉറങ്ങിപോയതാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം. ശബരിമലയിൽ മണ്ഡല വിലക്ക് സീസണായതോടെ കേരളത്തിലേക്ക് വരുന്ന തീർത്ഥാടകരിൽ പലരും സഞ്ചരിക്കുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവായി മാറിയിരിക്കുകയാണ്. മണ്ഡല കാലം ആരംഭിച്ചതിന് ശേഷം വിവിധ ജില്ലകളിലായി മൂന്നിലധികം അപകടങ്ങളാണ് ഉണ്ടായത്.
ഡ്രൈവർമാരുടെ അശ്രദ്ധയും പരിചയമില്ലാത്ത റോഡുകളിലൂടെ അതിവേഗമുള്ള യാത്രയുമാണ് പലപ്പോഴും യാത്രയിൽ വില്ലനാവുന്നത്. പുലർച്ചെ ദർശനം തേടിയുള്ള അർധ രാത്രിയിലെ യാത്രകളാണ് ഭൂരിഭാഗം സമയത്തും അപകടത്തിലേക്ക് നയിക്കുന്നത്. കഴിഞ്ഞ ദിവസം കണ്ണൂരിൽ അയ്യപ്പ ഭക്തർ സഞ്ചരിച്ച ബസും ലോറിയും കൂട്ടിയിടിച്ച് അപകടമുണ്ടായിരുന്നു.
കർണാടകയിൽ നിന്നെത്തിയ അയ്യപ്പ ഭക്തരാണ് അപകടത്തിൽപ്പെട്ടത്. 22ലധികം പേർക്കാണ് അപകടത്തിൽ പരിക്കേറ്റത്. കൊല്ലം ചടയമംഗലത്ത് അയ്യപ്പ ഭക്തർ സഞ്ചരിച്ച കാർ വീട്ടിലേക്ക് ഇടിച്ചുകയറിയും അടുത്തിടെ അപകടമുണ്ടായിരുന്നു. കൊല്ലം ചടയമംഗലത്തായിരുന്നു കർണാടക സ്വദേശികൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടത്.
Add Comment