തിരുവനന്തപുരം: മലയാളികളുടെ പ്രിയപ്പെട്ട വയലിനിസ്റ്റ് ബാലഭാസ്കറിന്റെ ജീവൻ കവർന്ന അപകടത്തിൽ കാറോടിച്ചിരുന്ന അർജുൻ സ്വർണക്കടത്ത് കേസിൽ അറസ്റ്റിൽ. ഞായറാഴ്ച പെരിന്തൽമണ്ണയിൽ സ്വർണാഭരണങ്ങളുമായി വീട്ടിലേക്കുപോവുകയായിരുന്ന ജ്വല്ലറി ഉടമകളെ ആക്രമിച്ച് മൂന്നരക്കിലോ സ്വർണംകവർന്ന കേസിൽ ആസൂത്രകനടക്കം ഒമ്പതുപേരാണ് അറസ്റ്റിലായത്. ഇതിലൊരാൾ ബാലഭാസ്കറിന്റെ ഡ്രൈവറായ തൃശൂർ പാട്ടുരായ്ക്കൽ പറക്കോട്ടിൽ ലൈനിൽ കുറിയേടത്തു മന അർജുൻ (28)ആണ്.
ബാലഭാസ്കറിന്റെ വാഹനാപകടവും സ്വർണക്കടത്ത് ആക്ഷേപവും
തിരുവനന്തപുരം പള്ളിപ്പുറത്തുവച്ച് ബാലഭാസ്കറിന്റെ ജീവനെടുത്ത വാഹനാപകടത്തിന് പിന്നിൽ സ്വർണക്കടത്ത് ലോബിയുണ്ടെന്ന ആരോപണം ശക്തമായിരുന്നു. ബാലഭാസ്കറിന്റെ അച്ഛൻ ഉണ്ണി തന്നെ ഇത്തരമൊരു ആരോപണം ഉയർത്തിയിരുന്നു. പൊലീസിന് പിന്നാലെ സിബിഐ അന്വേഷിച്ചപ്പോഴും ഇത്തരമൊരു ബന്ധം കണ്ടെത്താനായില്ല. എന്നാൽ അന്ന് ആരോപണ വിധേയനായ അർജുൻ ഇപ്പോൾ മറ്റൊരു സ്വർണക്കടത്ത് കേസിൽ അറസ്റ്റിലാകുമ്പോൾ പഴയ ആരോപണങ്ങൾ വീണ്ടും ചർച്ചയാവുകയാണ്.
അപകടം നടക്കുമ്പോൾ കാറോടിച്ചത് ബാലഭാസ്‌കറാണെന്ന് വരുത്താനും അർജുൻ ശ്രമിച്ചിരുന്നു. ബാലുവിന്റെ ഭാര്യ ലക്ഷ്മിയും മരണത്തിന് കീഴടങ്ങുമെന്ന പ്രതീക്ഷയിലായിരുന്നു അത്തരമൊരു മൊഴി അർജുൻ നൽകിയതെന്നാണ് വിലയിരുത്തൽ. എന്നാൽ ജീവൻ തിരിച്ചുകിട്ടിയ ലക്ഷ്മി അർജുനെതിരെ പൊലീസിന് മൊഴി നൽകി. ഇതിന് ശേഷം ശാസ്ത്രീയ പരിശോധനകളിലൂടെ കാറോടിച്ചത് അർജുനാണെന്ന് കണ്ടെത്തി. ബാലുവിന്റെ മാനേജർ അടക്കം സ്വർണക്കടത്തിൽ നേരത്തെ പിടിയിലായിട്ടുണ്ട്. ഇവരുടെ സ്വാധീനത്തിലാണ് അർജുൻ മൊഴി നൽകിയതെന്ന സംശയം അന്ന് ഉയർന്നിരുന്നു. ഈ ആരോപണം വീണ്ടും ചർച്ചയാക്കുകയാണ് ബാലുവിന്റെ ബന്ധുകൂടിയായ പ്രിയാ വേണുഗോപാൽ. അവരുടെ ഫേസ്ബുക്ക് കുറിപ്പാണ് വീണ്ടും ചർച്ചകൾക്ക് വഴി തുറന്നത്.
വയലിനിസ്റ്റ് ബാലഭാസ്കറിന്റേയും മകളുടെയും മരണത്തിലേക്ക് നയിച്ച കാറപകടത്തിൽ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടത് കഴിഞ്ഞവർഷമാണ്. ബാലഭാസ്‌കറിന്റെ പിതാവ് നൽകിയ ഹർജിയിലായിരുന്നു കോടതി ഉത്തരവ്. എന്നാൽ തുടരന്വേഷണത്തിന് ഉത്തരവിടുന്നതിലേക്ക് കോടതിയെ നയിച്ചത് കേസുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ചില സംശയങ്ങളാണ്. രണ്ട് പേർ മരിക്കുന്നതിനും ഒരാൾക്ക് ഗുരുതര പരുക്കേൽക്കുന്നതിനും ഇടയാക്കിയ അപകടത്തിൽ വാഹനം ഓടിച്ചിരുന്ന അർജുന്റെ പരിക്കാണ് കോടതി ചൂണ്ടിക്കാട്ടുന്ന ഒരു വിഷയം. 94 കിലോമീറ്റർ വേഗത്തിൽ കാറോടിച്ചിരുന്ന അർജുൻ സീറ്റ് ബെൽറ്റ് ഇട്ടിരുന്നില്ല. എന്നിട്ടും താരതമ്യേന കുറഞ്ഞ പരിക്കുകളാണ് ഉണ്ടായത്. കാറിന്റെ മുൻസീറ്റിൽ സീറ്റ് ബെൽറ്റ് ഇട്ടിരുന്നിട്ടും ലക്ഷ്മിക്ക് ഗുരുതരമായി പരിക്കേറ്റ വിഷയവും കോടതി ചൂണ്ടിക്കാട്ടി.
Add Comment