Kerala Local

വിദ്യാർത്ഥിനിയെ അക്രമിയിൽ നിന്ന് രക്ഷിച്ച ഹരിതസേനാംഗങ്ങൾക്ക് പൊലീസിൻ്റെ ആദരം

ചാരുംമൂട്: സ്കൂള്‍ വിട്ട് വീട്ടിലേക്ക് വന്ന 13 കാരിയെ ഉപദ്രവിക്കാൻ വന്ന യുവാവിനെ വാഹനത്തില്‍ പിന്തുടർന്ന് പിടികൂടാൻ ശ്രമിച്ച ഹരിത കർമ്മ സേനയിലെ സ്ത്രീകള്‍ക്ക് പൊലീസ് സേനയുടെ ആദരവും അഭിനനന്ദനവും.

നൂറനാട് ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മ സേനാംഗങ്ങളായ മഞ്ജു, ഷാലി എന്നിവരെയാണ് ഇന്നലെ നൂറനാട് പൊലീസ് സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ ആദരിച്ചത്. നൂറനാട് എസ് എച്ച്‌ ഒ എസ് ശ്രീകുമാർ ആദരവ് നിർവ്വഹിച്ചു.

മൂന്നാഴ്ച മുമ്ബ് വൈകുന്നേരം മഴ സമയത്ത് നൂറനാടിന് സമീപമുള്ള റോഡില്‍ വച്ചായിരുന്നു ക്രിമിനല്‍ പശ്ചാത്തലമുള്ള യുവാവ് നഗ്നത പ്രദർശിപ്പിച്ച ശേഷം പെണ്‍കുട്ടിയെ സമീപത്തെ ആളൊഴിഞ്ഞ വീട്ടിലേക്ക് കയറ്റി ഉപദ്രവിക്കാൻ ശ്രമിച്ചത്. നൂറനാട് ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മസേനയുടെ വാഹനം ഓടിക്കുന്ന മഞ്ജുവും ഷാലിയും ഈ സമയം ഇതുവഴിയെത്തിയതുകൊണ്ട് മാത്രമാണ് പെണ്‍കുട്ടിയെ ഇയാളില്‍ നിന്നും രക്ഷിക്കാനായത്. സ്ഥലത്ത് നിന്നും സ്കൂട്ടറില്‍ രക്ഷപ്പെട്ട ഇയാളെ മഞ്ജു സ്കൂട്ടറിലും ഷാലി സഞ്ചരിച്ചിരുന്ന ഹരിത കർമ്മസേനയുടെ ഓട്ടോറിക്ഷയിലും പിന്തുടരുകയായിരുന്നു.

പറയംകുളം ജംഗ്ഷനില്‍ സ്കൂട്ടർ ഒതുക്കിയ ഇയാളെ മഞ്ജു പിടിച്ചു നിർത്തിയെങ്കിലും മഞ്ജുവിനെ തള്ളിയിട്ട് ഇയാള്‍ സ്കൂട്ടർ ഓടിച്ചു പോകുകയായിരുന്നു. താഴെ വീണ മഞ്ജുവിന് ചെറിയ പരിക്കുകളും പറ്റി. ഒട്ടും തന്നെ പതറാതെ ഷാലി ഓട്ടോയില്‍ ഇയാളെ പിൻതുടർന്നു. പാറജംഗ്ഷൻ പിന്നിട്ട് പടനിലം ജംഗ്ഷനില്‍ എത്തിയപ്പോളേക്കും ബാറ്ററി ചാർജ്ജ് തീർന്ന് ഓട്ടോറിക്ഷ നിന്നതോടെ ഷാലി നിരാശയോടെ മടങ്ങേണ്ടി വരികയായിരുന്നു. ഇവർ നല്‍കിയ സൂചനകളില്‍ നിന്നും സി സി ടി വി ക്യാമറ ദൃശ്യങ്ങളില്‍ നിന്നുമാണ് മുങ്ങി നടന്ന പ്രതിയെ പിടികൂടാനായത്. വിദ്യാർഥിനിയെ രക്ഷിക്കുകയും പ്രതിയെ പിന്തുടരാനും അസാമാന്യ ധൈര്യം കാട്ടിയ ഇവർക്ക് നാട്ടില്‍ അഭിനന്ദനവും ആദരവും ലഭിച്ചു വരികയാണ്.