ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ഫിൻജാല്‍ ചുഴലിക്കാറ്റായി മാറി ശനിയാഴ്ച വൈകുന്നേരത്തോടെ പുതുച്ചേരിക്കടുത്ത് കരതൊട്ട സാഹചര്യത്തില്‍ തമിഴ്നാട്ടില്‍ മഴ ശക്തമായി.
വിവിധ ജില്ലകളില്‍ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് അതീവ ജാഗ്രതാ നിർദേശം നല്‍കിയിട്ടുണ്ട്.
ചുഴലിക്കാറ്റിന്റെ മുന്നോടിയായി ചൈന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, കള്ളക്കുറിച്ചി, കൂടലൂര്‍ ജില്ലകളില്‍ ശക്തമായ മഴയാണ്. ഫിൻജാലിന് മണിക്കൂറില്‍ 90 കി.മി വേഗതയുണ്ടാവുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. കാറ്റിന്റെ വേഗത വരുന്ന മൂന്ന് മണിക്കൂറിനുള്ളില്‍ വര്‍ധിക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ഇതിന്റെ അടിസ്ഥാനത്തില്‍ ചെന്നൈ വിമാനത്താവളം ഞായറാഴ്ച രാവിലെ നാല് മണിവരെ അടച്ചിടാന്‍ ബന്ധപ്പെട്ട അധികൃതർ തീരുമാനിച്ചു. കൂടാതെ ആഞ്ഞടിച്ച ഫിൻജാല്‍ നിരവധി ട്രെയിന്‍ സര്‍വീസുകളെയും ബാധിച്ചിട്ടുണ്ട്. അതേസമയം റാണിപേട്ട്, തിരുവണ്ണാമലൈ, വെല്ലൂര്‍, പെരമ്ബലൂര്‍, അരിയല്ലൂര്‍, തഞ്ചാവൂര്‍, തിരുവാരൂര്‍, മയിലാടുതുറെ, നാഗപട്ടണം എന്നിവിടങ്ങളില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴ മുന്നറിയിപ്പും നിലനില്‍ക്കുന്നു. മണ്ണിടിച്ചലിനടക്കമുള്ള മുന്നറിയിപ്പും നിലനില്‍ക്കുന്നുണ്ട്.
കൂടാതെ ഫിൻജാല്‍ ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്ന സാഹചര്യത്തില്‍ ഒന്‍പതുജില്ലകളിലായി ജനങ്ങളെ മാറ്റിത്താമസിപ്പിക്കാനായി 2229 ദുരിതാശ്വാസകേന്ദ്രങ്ങള്‍ തയ്യാറാക്കിയതായി റവന്യുമന്ത്രി കെ.കെ.എസ്.ആര്‍. രാമചന്ദ്രന്‍ അറിയിച്ചു. നാഗപട്ടണം, മൈലാടുതുറൈ, തിരുവാരൂര്‍, തഞ്ചാവൂര്‍, കടലൂര്‍, ചെന്നൈ, ചെങ്കല്‍പ്പെട്ട്, തിരുവള്ളൂര്‍, കാഞ്ചീപുരം എന്നീ ജില്ലകളിലായാണ് ദുരിതാശ്വാസകേന്ദ്രങ്ങള്‍ ഒരുക്കിയിട്ടുള്ളത്.
Add Comment