പാലക്കാട്: ഒറ്റപ്പാലം സിപിഐഎം ഏരിയ സമ്മേളനത്തിൽ ജില്ല നേതൃത്വത്തിനെതിരെ വിമർശനം. ജില്ല സെക്രട്ടറിയുടെ സാന്നിധ്യത്തിലായിരുന്നു വിമർശനം. പൊളിറ്റ് ബ്യൂറോ അംഗമായ എ വിജയരാഘവനെ പാലക്കാട് ലോക്സഭ സ്ഥാനാർത്ഥിയാക്കിയതിനേയും പ്രതിനിധികൾ വിമർശിച്ചു. പാലക്കാട് മണ്ഡലത്തിൽ സംഘടന ദുർബലമായത് എങ്ങനെയെന്നാണ് പ്രതിനിധികളുടെ ചോദ്യം.
ജില്ല കമ്മറ്റിയുടെ മൂക്കിന് താഴെയുള്ള പാലക്കാട് മണ്ഡലത്തിൽ സംഘടന ദുർബലമായി പ്രവർത്തിക്കുന്നു. യുവാക്കളെ കൊണ്ടുവരുന്നതിൽ പാർട്ടി പരാജയപ്പെട്ടു എന്നും ഗ്രൂപ്പ് ചർച്ചയിൽ ആക്ഷേപം ഉയര്‍ന്നു. ഒറ്റപ്പാലത്ത് എട്ട് ലോക്കൽ സെക്രട്ടറിമാരെ ഒഴിവാക്കി പുതിയ ഏരിയ കമ്മറ്റി രൂപീകരിച്ചതിലും പ്രതിനിധികള്‍ അമർഷം രേഖപ്പെടുത്തി.
അതേ സമയം സിപിഐഎം പത്തനംതിട്ട കൊടുമൺ ഏരിയ സെക്രട്ടറിയായി ആര് ബി രാജീവ് കുമാര്‍ തിരഞ്ഞെടുക്കപ്പെട്ടു. മത്സരത്തിലൂടെയാണ് ഏരിയ സെക്രട്ടറിയെ തിരഞ്ഞെടുത്തത്. മത്സരം ഒഴിവാക്കാന്‍ നേതൃത്വം ശ്രമിച്ചിരുന്നുവെങ്കിലും നീക്കം നടന്നില്ല. ജില്ലാ സെക്രട്ടറി കെ പി ഉദയബാനു ഉള്‍പ്പെട്ട ഏരിയ കമ്മിറ്റിയാണ് കൊടുമണ്‍. കെ പി ഉദയബാനുവാണ് കലഞ്ഞൂരില്‍ നടന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തത്.
Add Comment