Kerala

തിരുവല്ല ലോക്കല്‍ സെക്രട്ടറി കെ കെ കൊച്ചുമോനെ നീക്കി

പത്തനംതിട്ട: തിരുവല്ല സിപിഐഎമ്മിലെ വിഭാഗീയത പ്രശ്‌നപരിഹാരം ലക്ഷ്യമിട്ട് നടത്തിയ പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് യോഗം അവസാനിച്ചു. തിരുവല്ല ടൗണ്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ കെ കൊച്ചുമോനെ തല്‍സ്ഥാനത്ത് നിന്ന് നീക്കി. ജെനോ മാത്യൂവിന് പകരം ചുമതല നല്‍കി. വീണ്ടും ലോക്കല്‍ സമ്മേളനം നടത്താനും തീരുമാനമായി. ഈ മാസം ഒമ്പതിന് ലോക്കല്‍ സമ്മേളനം കൂടിയേക്കും.

എം വി ഗോവിന്ദന്‍ പങ്കെടുത്ത ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനങ്ങളുണ്ടായത്. തീരുമാനങ്ങള്‍ തിരുവല്ല ഏരിയാ കമ്മിറ്റിയെ അറിയിച്ചു. തിരുവല്ല ടൗണ്‍ നോര്‍ത്ത് ലോക്കല്‍ സമ്മേളനം പ്രവര്‍ത്തന റിപ്പോര്‍ട്ട് ചോര്‍ന്നതിലാണ് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിക്കെതിരെ നടപടിയുണ്ടായത്.

അതേ സമയം സിപിഐഎം പത്തനംതിട്ട കൊടുമണ്‍ ഏരിയ സെക്രട്ടറിയായി ആര്‍ ബി രാജീവ് കുമാറിനെ നേരത്തേ തിരഞ്ഞെടുത്തിരുന്നു. മത്സരത്തിലൂടെയാണ് ഏരിയ സെക്രട്ടറിയെ തിരഞ്ഞെടുത്തത്. മത്സരം ഒഴിവാക്കാന്‍ നേതൃത്വം ശ്രമിച്ചിരുന്നുവെങ്കിലും നീക്കം നടന്നില്ല. ജില്ലാ സെക്രട്ടറി കെ പി ഉദയബാനു ഉള്‍പ്പെട്ട ഏരിയ കമ്മിറ്റിയാണ് കൊടുമണ്‍. കെ പി ഉദയബാനുവാണ് കലഞ്ഞൂരില്‍ നടന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തത്.