കേരളത്തെ ഞെട്ടിച്ച വളപട്ടണം മോഷണക്കേസില്‍ കൃത്യം നടന്ന് പന്ത്രണ്ടാം ദിവസമാണ് പ്രതിയെ പൊലീസ് പിടികൂടിയത്.
ഇക്കഴിഞ്ഞ 20ാം തീയതിയാണ് മോഷണം നടക്കുന്നത്. പക്ഷേ മോഷണവിവരം പുറത്തറിഞ്ഞത് നാല് ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു. അതുകൊണ്ടുതന്നെ തെളിവുകള്‍ കണ്ടെത്തുന്നത് പൊലീസിന് അല്‍പം വെല്ലുവിളി ഉയർത്തി.
മോഷണം നടന്ന വീടിന്റെ തൊട്ടടുത്ത് തന്നെയാണ് ലിജീഷ് താമസിക്കുന്നത്. ലിജീഷ് അടക്കം 215 പേരെ കേസുമായി ബന്ധപ്പെട്ട് പൊലീസ് ആദ്യഘട്ടത്തില്‍ ചോദ്യം ചെയ‌്തു. കോഴിക്കോട് മുതല്‍ ബംഗളൂരു വരെയുള്ള സിസിടിവ് ദൃശ്യങ്ങള്‍, സമാനമായ രീതിയില്‍ ഭവനഭേദനം നടന്ന പഴയ 63 കേസുകള്‍ എന്നിവയെല്ലാം അന്വേഷണസംഘം പരിശോധിച്ചു. ഒടുവിലാണ് റൂമില്‍ നിന്ന് പ്രതി പുറത്തേക്കിറങ്ങുന്ന ദൃശ്യങ്ങള്‍ ലഭ്യമായത്. പിന്നീട് ഇത് കേന്ദ്രീകരിച്ചായിരുന്നു കൂടുതല്‍ അന്വേഷണം.
രണ്ടുതവണയാണ് ലിജീഷ് അയല്‍പക്കത്തെ അരി വ്യാപാരിയുടെ വീട്ടില്‍ മോഷണത്തിന് കയറിയത്. രണ്ടും ഒരേ സമയങ്ങളില്‍. വീടിനെ കുറിച്ച് നന്നായി അറിയാവുന്ന, വീട്ടില്‍ ആള്‍ ഉടനൊന്നും വരില്ലെന്ന് കൃത്യമായി ബോധ്യമുള്ള ആളാണ് മോഷണത്തിന് പിന്നിലെന്ന് ഇതോടെ പൊലീസിന് മനസിലായി. അങ്ങനെയാണ് ലീജിഷിന്റെ നീക്കങ്ങള്‍ ശ്രദ്ധിക്കാൻ തുടങ്ങിയത്.
സിസിടിവിയില്‍ ലിജീഷിന്റെ ദൃശ്യങ്ങള്‍ അവ്യക്തമായിരുന്നു. ഇയാളുടെ ശരീരഭാഷ മനസിലാക്കുന്നതിനായി നാട്ടിലെ പലർക്കും ദൃശ്യങ്ങള്‍ അന്വേഷണ സംഘം കൈമാറി. അങ്ങനെയാണ് ഈ രൂപത്തിന് ലിജീഷുമായി സാദൃശ്യങ്ങളുണ്ടെന്ന് ചിലർ വിവരം നല്‍കുന്നത്. മറ്റൊരു സുപ്രധാന തെളിവ്, കൃത്യം നടത്തിയ സമയത്ത് ലിജീഷ് ധരിച്ച ടീഷർട്ട് ആയിരുന്നു. ഇതേ ടീഷർട്ട് നേരത്തെ കണ്ടിട്ടുള്ളവർ അത് സംബന്ധിച്ചും വിവരം കൈമാറി.
കാര്യങ്ങള്‍ ഏറെക്കുറെ വ്യക്തമായതോടെ വീട്ടിലെത്തി ലിജീഷിനെ പൊലീസ് തന്ത്രപരമായി കൂട്ടികൊണ്ടുവരികയായിരുന്നു. ചോദ്യം ചെയ്യലിന്റെ ആദ്യഘട്ടത്തിലൊന്നും പ്രതി പൊലീസിനോട് സഹകരിച്ചില്ല. ഒടുവില്‍ വീടിന്റെ പറമ്ബിനോട് ചേർന്ന് ഇയാള്‍ കത്തിച്ച ടീഷർട്ടിന്റെയും ഗ്ളൗസിന്റെ ഭാഗങ്ങള്‍ കൊണ്ടുവന്നു കാണിച്ചു. ഫിംഗർ പ്രിന്റും ഒത്തുവന്നതോടെ കള്ളൻ കുടുങ്ങുകയായിരുന്നു.
മോഷണം നടത്തിയ സ്വർണവും പണവും കിടപ്പു മുറിയില്‍ പ്രത്യേകം പണികഴിപ്പിച്ച അറയിലാണ് ലിജീഷ് ഒളിപ്പിച്ചത്. ഗള്‍ഫിലായിരുന്ന ലിജീഷ് നാട്ടിലെത്തി വെല്‍ഡിംഗ് വർക്കുകള്‍ ചെയ‌്തുവരികയായിരുന്നു. പിന്നീടാണ് മോഷണത്തിലേക്ക് ഇയാള്‍ തിരിഞ്ഞതെന്ന് പൊലീസ് അറിയിച്ചു.
ഞായറാഴ്ച്ച രാവിലെ കസ്റ്റഡിയിലെടുത്ത ലിജീഷിന്റെ വിരലടയാളവും പോലിസ് ശേഖരിച്ചു. കണ്ണൂര്‍ കീച്ചേരിയില്‍ ഒന്നരവര്‍ഷം മുമ്ബ് മോഷണം നടന്ന ഒരു വീട്ടില്‍ നിന്ന് ലഭിച്ച വിരലടയാളങ്ങളുമായി ലിജീഷിന്റെ വിരലടയാളത്തിന് സാമ്യമുണ്ടെന്ന റിപോര്‍ട്ടും പോലിസിന് ലഭിച്ചു. 11 പവന്‍ സ്വര്‍ണമാണ് ആ വീട്ടില്‍ നിന്ന് മോഷണം പോയിരുന്നത്. ഇതോടെ ലിജീഷിനെ കാര്യമായി ചോദ്യം ചെയ്യാന്‍ പോലിസ് തീരുമാനിക്കുകയായിരുന്നു. രാവിലെ ആറുമണിക്ക് കസ്റ്റഡിയിലെടുത്ത ലിജീഷ് വൈകീട്ട് ആറ് മണി കഴിഞ്ഞാണ് കുറ്റം സമ്മതിച്ചത്.
അതിവേഗം നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കിയ പോലിസ് ഇയാളെ വീട്ടിലെത്തിച്ച് തൊണ്ടിമുതല്‍ കണ്ടെടുത്തു. 1.2 കോടി രൂപയും 300 പവന്‍ സ്വര്‍ണവുമാണ് പിടിച്ചെടുക്കാന്‍ കഴിഞ്ഞതെന്ന് പോലിസ് അറിയിച്ചു.
വെല്‍ഡിങ് തൊഴിലിലെ വൈദഗ്ദ്യം ഉപയോഗിച്ചാണ് ലിജീഷ് അഷ്‌റഫിന്റെ വീടിന് അകത്ത് കയറി ലോക്കറില്‍ നിന്ന് സ്വര്‍ണവും പണവും കവര്‍ന്നത്. അഷ്‌റഫിന്റെ വീട്ടില്‍ ഒരു കോടി രൂപയും 300 പവനും കണ്ടെങ്കിലും ആദ്യ ദിവസം ഇതില്‍ പകുതി മാത്രമാണ് കൊണ്ടുപോയത്. അടുത്ത ദിവസം വീണ്ടുമെത്തിയാണ് ബാക്കി കവര്‍ന്നത്. ലിജീഷ് മുമ്ബ് ഒട്ടേറെ മോഷണക്കേസുകളില്‍ പ്രതിയാണെന്നും പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഇനി ജില്ലയിലെ തെളിയാത്ത കേസുകളിലെ അന്വേഷണത്തിലും ഇയാളെ ചോദ്യം ചെയ്യും. ലിജീഷിനെ പിടിച്ചതിനെ തുടര്‍ന്ന് പോലിസുകാര്‍ സ്‌റ്റേഷനില്‍ ലഡു വിതരണം ചെയ്തു.
Add Comment