Tech

പ്ലേസ്റ്റോറിൽ ലഭ്യമായ 15 ലോൺ ആപ്പുകൾ അപകടകരമെന്ന് റിപ്പോർട്ട്

പ്ലേസ്റ്റോറിൽ ലഭ്യമായ 15 ലോൺ ആപ്പുകൾ അപകടകരമെന്ന് റിപ്പോർട്ട്. McAfee നടത്തിയ പരിശോധനയിലാണ് ലോൺ ആപ്പുകളായി ഗുരുതര മാൽവെയറുകൾ ഗുഗിൾ പ്ലേസ്റ്റോറിൽ ഉള്ളതായി കണ്ടെത്തിയത്. 8 മില്ല്യൺ ആളുകളാണ് ഇതിനോടകം ആപ്പുകൾ ഡൗൺലോഡ് ചെയ്തിരിക്കുന്നത്.

ആളുകളിൽ നിന്ന് ഏറ്റവും സെൻസിറ്റീവ് ആയ വിവരങ്ങൾ ചോർത്തുന്നതിനാണ് ആപ്പുകൾ ഉപയോഗിക്കുന്നത്. സോഷ്യൽ എഞ്ചിനീയറിംഗ് ചൂഷണം ചെയ്യുന്ന ഇത്തരം ആപ്പുകൾ ഇതിനോടകം ലോകവ്യാപകമായി 8 മില്ല്യൺ ആളുകൾ ഡൗൺലോഡ് ചെയ്തതായും McAfee കണ്ടെത്തി.

പ്ലേ സ്റ്റോറിലുള്ള ആപ്പുകൾ ആയതിനാൽ തന്നെ വിശ്വാസയോഗ്യമാണെന്ന് കരുതിയാണ് പലരും ഡൗൺലോഡ് ചെയ്യുന്നത്. വേഗത്തിൽ ലളിതമായ നടപടിക്രമങ്ങളിലൂടെ വായ്പകൾ വാഗ്ദാനം ചെയ്താണ് ഈ ആപ്പുകൾ ഉപഭോക്താക്കളെ ആകർഷിക്കുന്നത്. ആപ്പിൽ സൈൻ അപ്പ് ചെയ്യുന്നതിലൂടെ, ഉപഭോക്താക്കൾ അവരുടെ സേവന നിബന്ധനകൾ അംഗീകരിക്കുകയും സ്വകാര്യതാ പ്രസ്താവന അംഗീകരിക്കുകയും ചെയ്യുകയും ഇതിലൂടെ മൊബൈലിലെ സ്വകാര്യ വിവരങ്ങൾ ചോർത്തുമെന്നുമാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്.

ഫോണുകളിൽ എത്രയും പെട്ടന്ന് Play Protect ഫീച്ചർ പ്രവർത്തനക്ഷമമാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കാനാണ് ഇത്തരം തട്ടിപ്പുകളിൽ നിന്ന് രക്ഷപ്പെടാനുള്ള മാർഗമായി ഗുഗിൾ നൽകുന്ന നിർദ്ദേശം. വിവിധ രാജ്യങ്ങൾക്കായി വ്യത്യസ്ത ആപ്പുകളാണ് തട്ടിപ്പുകാർ ഉപയോഗിക്കുന്നത്.

ആപ്പ് ഇൻസ്റ്റാൾ ചെയ്ത് കഴിഞ്ഞാൽ ഒടിപിയിലൂടെയാണ് തങ്ങൾ ടാർഗറ്റ് ചെയ്തിരിക്കുന്ന സ്ഥലത്തെ ആളുകൾ തന്നെയാണ് ആപ്പ് ഡൗൺലോഡ് ചെയ്തതെന്ന് തട്ടിപ്പു സംഘം സ്ഥിരീകരിക്കുന്നത്. പിന്നീട് ഉപഭോക്താക്കളുടെ ഐഡി കാർഡുകൾ, തൊഴിൽ വിശദാംശങ്ങൾ, ബാങ്ക് അക്കൗണ്ട് ഡാറ്റ എന്നിവ പോലുള്ള തന്ത്രപ്രധാനമായ വിവരങ്ങൾ നൽകാൻ ഇരകളോട് ആവശ്യപ്പെടുന്നു. ഇവകൂടാതെ ഫോണുകളിലെ കോൺടാക്റ്റുകൾ, സന്ദേശങ്ങൾ, കോൾ ലോഗുകൾ, ലൊക്കേഷൻ, ക്യാമറ ആക്സസ് എന്നിവയുൾപ്പെടെയുള്ള ഡാറ്റകൾ ആപ്പിലൂടെ തട്ടിപ്പ് സംഘം സ്വീകരിക്കും.

സ്വകാര്യ വിവരങ്ങൾ ശേഖരിക്കുന്നതിനു പുറമേ, ഈ ആപ്പുകൾക്ക് എല്ലാ SMS സന്ദേശങ്ങളും, GPS, നെറ്റ്വർക്ക് ലൊക്കേഷൻ, ഉപകരണ വിശദാംശങ്ങൾ, OS ഡാറ്റ, സെൻസർ ആക്റ്റിവിറ്റി എന്നിവയും ഫോണുകളിൽ നിന്ന് ഇല്ലാതാക്കാനും സാധിക്കും. ഇവകൂടാതെ പണം വായ്പ നൽകുന്ന ചില ആപ്പുകൾ കൂടിയ പലിശനിരക്ക് ഈടാക്കുകയും ഉപഭോക്താക്കളെ ബ്ലാക്ക് മെയിലിന് വിധേയരാക്കുകയും ചെയ്യുന്നതായും McAfee പറയുന്നു. നേരത്തെ 2023 ഡിസംബറിൽ 12 ദശലക്ഷത്തിലധികം ഡൗൺലോഡുകളുള്ള ഒരു ഡസനിലധികം സ്‌പൈലോൺ ആപ്പുകൾ പ്ലേസ്റ്റോറിൽ നിന്ന് പിൻവലിച്ചിരുന്നു.