തിരുവനന്തപുരം: സിപിഐഎം വിട്ട് ബിജെപിയിലേക്ക് പോയ മധു മുല്ലശ്ശേരിയുടെ മകൻ മിഥുൻ മുല്ലശ്ശേരിയെ പുറത്താക്കി ഡിവൈഎഫ്ഐ. മധുവിന് ഒപ്പം മിഥുനും ബിജെപിയിൽ ചേരാൻ തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മിഥുൻ മുല്ലശ്ശേരിയെ ഡിവൈഎഫ്ഐ പുറത്താക്കിയത്.
അതേസമയം, കേന്ദ്ര സർക്കാരിൻ്റെ പ്രവർത്തനങ്ങൾ കണ്ട് ആകൃഷ്ടനായെന്നും, ഇനി മോദിജിയുടെ പ്രസ്ഥാനത്തിന് വേണ്ടി പ്രവർത്തിക്കുമെന്നും മധു മുല്ലശ്ശേരി പ്രതികരിച്ചു. താൻ വ്യക്തമായി ആലോചിച്ച ശേഷം എടുത്ത തീരുമാനമാണ് ബിജെപിയിലേക്കുള്ള മാറ്റമെന്നും ബിജെപിക്ക് വലിയ വേരോട്ടമുള്ള കാലമായി മാറിയിരിക്കുകയാണെന്നുമാണ് മധു മുല്ലശ്ശേരിയുടെ പ്രതികരണം.
‘കേരളത്തിലും ഇന്ത്യയിലും ബിജെപിക്ക് വലിയ വേരോട്ടം ഉണ്ടായി. ആഞ്ഞു പിടിച്ചാൽ ചിറയിൻകീഴ് ബിജെപി ഭരിക്കും. മോദിജിയുടെ പ്രവർത്തനങ്ങളും ഇന്ത്യയ്ക്ക് ഉണ്ടായ വളർച്ചയും വളരെ വലുതാണ്. എനിക്കൊപ്പം നിരവധി പാർട്ടി അംഗങ്ങൾ കൂടെ വന്നിട്ടുണ്ട്.’ മധു മുല്ലശ്ശേരി പറഞ്ഞു.
അതേസമയം പഴയ കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തനമല്ല ഇപ്പോൾ നടക്കുന്നതെന്നും, കമ്മ്യൂണിസ്റ്റ് പാർട്ടി ഒരുപാട് പിന്നോട്ട് പോയെന്നും മധു മുല്ലശ്ശേരി അഭിപ്രായപ്പെട്ടു. നേതാക്കളെ പൂട്ടിയിട്ട് കാര്യങ്ങൾ നടത്തുന്ന സാഹചര്യത്തിൽ വരെ സിപിഐഎം എത്തിയെന്നും, എങ്ങനെയാണോ സിപിഐഎമ്മിന് വേണ്ടി താൻ പ്രവർത്തിച്ചത് അതിനേക്കാൾ ഉപരി മോദിജിയുടെ പ്രസ്ഥാനത്തിന് വേണ്ടി പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു.
Add Comment