India

വില്ലുപുരത്ത് മഴക്കെടുതി നേരിട്ട പ്രദേശങ്ങള്‍ സന്ദർശിക്കാനെത്തിയ മന്ത്രി കെ പൊൻമുടിയ്ക്ക് നേരെ ചെളിയേറ്

വില്ലുപുരം: തമിഴ്നാട് വില്ലുപുരത്ത് മഴക്കെടുതി നേരിട്ട പ്രദേശങ്ങള്‍ സന്ദർശിക്കാനെത്തിയ വനംവകുപ്പ് മന്ത്രി കെ പൊൻമുടിയ്ക്ക് നേരെ ചെളിയേറ് പ്രതിഷേധവുമായി നാട്ടുകാർ. ഇരുവൽപേട്ടിൽ വെച്ചാണ് മന്ത്രിക്ക് നേരെ ചെളിയും കല്ലും എറിഞ്ഞ് പ്രദേശവാസികള്‍ പ്രതിഷേധിച്ചത്. ഫെയ്ഞ്ചൽ ചുഴലിക്കാറ്റിൻ്റെ പശ്ചാത്തലത്തിൽ ചാത്തന്നൂർ ഡാം തുറന്നതിന് ശേഷം ഉണ്ടായ വെള്ളക്കെട്ടിൽ മന്ത്രി ഇടപെട്ടില്ല എന്നാരോപിച്ചായിരുന്നു പ്രതിഷേധം.

ഫെയ്ഞ്ചൽ ചുഴലിക്കാറ്റും തുടർന്നുണ്ടായ മഴയും തമിഴ്നാട്ടിൽ പലയിടങ്ങളിലും വലിയ നാശനഷ്ടമാണ് ഉണ്ടാക്കിയത്. മതിയായ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുന്നില്ലായെന്നത് ചൂണ്ടികാട്ടി പലയിടങ്ങളിൽ നിന്നും തമിഴ്നാട് സർക്കാരിനെതിരെ പരാതികൾ ഉയരുന്നുണ്ട്. ദുരിതാശ്വാസ പ്രവർത്തനങ്ങൾ കൃത്യമായി ഏകോപിപ്പിക്കാതെ ജന ജീവിതത്തെ ബുദ്ധിമുട്ടിലാക്കുകയാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് മന്ത്രിക്ക് നേരെ വലിയ പ്രതിഷേധം ഉണ്ടായത്.

സംഭവത്തിൽ പ്രതികരിച്ച് തമിഴ്നാട് ബി​​ജെപി അധ്യക്ഷൻ അണ്ണാമലൈ രം​ഗത്തെത്തി. തമിഴ്‌നാട്ടിലെ ഇപ്പോഴത്തെ അവസ്ഥ ഇതാണ്. ജനങ്ങൾ മഴക്കെടുതിയിൽ ബുദ്ധിമുട്ടുമ്പോൾ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ചെന്നൈയിലെ തെരുവുകളിൽ ഫോട്ടോ എടുക്കുന്ന തിരക്കിലായിരുന്നു. സംഭവത്തിൽ ഡി.ഐ.പി.ആർ ഡിഎംകെയുടെ മാധ്യമമായാണ് പെരുമാറുന്നത്. മന്ത്രി പൊൻമുടിയ്ക്ക് നേരെയുള്ള പ്രതിഷേധം ജനങ്ങളുടെ രോക്ഷമാണ് പ്രകടമായതെന്നും ഡിഎംകെയ്ക്ക് ഇതൊരു ഓർമ്മപ്പെടുത്തലാണെന്നും അണ്ണാമലൈ കൂട്ടി ചേർത്തു. സംഘർഷം രൂക്ഷമായതോടെ പൊലീസ് അകമ്പടിയോടെയാണ് പൊൻമുടി മടങ്ങിയത്.