Kerala

കളർക്കോട് അപകടം: ടവേര വാടകയ്ക്ക് നൽകിയതു തന്നെയെന്ന് പൊലീസ്

അഞ്ച് എംബിബിഎസ് വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വാഹന ഉടമയുടെ മൊഴി കള്ളമാണെന്ന് പൊലീസ് പറയുന്നു.

ഷാമില്‍ ഖാൻ വാടകയ്‌ക്ക് തന്നെയാണ് വാഹനം നല്‍കിയതെന്നും തെളിവ് ലഭിച്ചെന്നും അന്വേഷണ സംഘം വ്യക്തമാക്കി. വാടകയായ 1000 രൂപ ഗൗരിശങ്കറാണ് ഷാമിലിന് ഗൂഗിള്‍ പേ വഴി അയച്ചുനല്‍‌കിയത്.

ഇതിന് ശേഷം ടവേരയില്‍ വിദ്യാർത്ഥികള്‍ പമ്ബിലെത്തി ഇന്ധനം നിറച്ചു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. 500 രൂപയ്‌ക്കാണ് ഇന്ധനം നിറച്ചത്. ഈ സമയം കാറില്‍ മൂന്ന് പേർ മാത്രമാണുണ്ടായിരുന്നത്. ഇതിന് ശേഷം കാത്തുനിന്ന സുഹൃത്തുക്കളെ കയറ്റാനായി പോവുകയായിരുന്നു. വാഹനമോടിക്കുമ്ബോള്‍ തകാരർ തോന്നുന്നതായി ഗൗരിശങ്കർ പറഞ്ഞിരുന്നുവെന്ന വിവരവും പുറത്തുവരുന്നുണ്ട്. മുൻപില്‍ ഉണ്ടായിരുന്ന വാഹനത്തെ മറികടക്കുന്നതിനിടെ ഉദ്ദേശിച്ച വേഗം കിട്ടിയില്ലെന്നും, ബ്രേക്ക് ചവിട്ടിയെങ്കിലും വാഹനം നിയന്ത്രണം വിടുകയായിരുന്നുവെന്നും ഗൗരിശങ്കർ മൊഴി നല്‍കിയിട്ടുണ്ട്. നിയന്ത്രണം വിട്ട വാഹനം വലതുവശത്തേക്ക് തെന്നിമാറിയാണ് ബസില്‍ ഇടിച്ച്‌ കയറിയത്.

അപകടത്തില്‍ മരിച്ച കണ്ണൂർ സ്വദേശി മുഹമ്മദ് അബ്ദുള്‍ ജബ്ബാറുമായി പരിചയമുണ്ടെന്നും അതിന്റെ പേരിലാണ് വാഹനം നല്‍കിയതെന്നുമായിരുന്നു വാഹന ഉടമ പറഞ്ഞത്. മഴ ആണെന്ന് പറഞ്ഞാണ് വാഹനം ചോദിച്ചെത്തിയത്. വീട്ടിലെ സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ടവേര കാറാണ് നല്‍കിയത്. വണ്ടിയില്‍ ആവശ്യത്തിനുള്ള ഡീസല്‍ അടിക്കാമെന്നും തനിക്കും മറ്റ് അഞ്ച് സുഹൃത്തുക്കള്‍ക്കും സിനിമയ്‌ക്ക് പോകണമെന്നുമാണ് തന്നോട് പറഞ്ഞതെന്നും ഷാമില്‍ ഖാൻ പറഞ്ഞിരുന്നു. ഈ വാദങ്ങളാണ് ഇപ്പോള്‍ പൊളിഞ്ഞിരിക്കുന്നത്. ഇതോടെ ഇയാള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

2010 രജിസ്ട്രേഷൻ വാഹനമാണ് ടവേര. റെൻറ് എ കാർ അല്ലെങ്കില്‍ റെൻറ് എ കാബ് എന്ന തരത്തിലുള്ള ലൈസൻസ് വാഹനത്തിനില്ലെന്നും കണ്ടെത്തിയിരുന്നു. ഏഴ് പേരെ ഉള്‍കൊള്ളിക്കാൻ കഴിയുന്ന വാഹനത്തിലാണ് 11 പേർ യാത്ര ചെയ്തത്. ഇതിനിടയില്‍ കാറോടിച്ച ഗൗരിശങ്കർ എന്ന വിദ്യാർത്ഥിയെ പൊലീസ് പ്രതി ചേർക്കുകയും കെഎസ്‌ആർടിസി ഡ്രൈവറെ പ്രതി ചേർത്ത കേസ് റദ്ദാക്കുകയും ചെയ്തു. ബസ് കാറില്‍ ചെന്ന് ഇടിക്കുകയായിരുന്നുവെന്ന ചൂണ്ടിക്കാട്ടിയാണ് നേരത്തെ കെഎസ്‌ആർടിസി ഡ്രൈവർക്കെതിരെ കേസെടുത്തത്.