Sports

നെറ്റിചുളിച്ചവർക്കുള്ള മറുപടിയായി സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഭുവി നേടിയത് ഹാട്രിക്ക് നേട്ടം

പ്രായം 34 ആയി. ഇന്ത്യൻ ടീമിൽ നിന്നും പുറത്തായിട്ടും വർഷങ്ങളായി. എന്നാലും തന്റെ ബൗളിങ് പ്രകടനത്തിലും മികവിലും ഒരു കുറവും വന്നിട്ടില്ലെന്ന് തെളിയിച്ച് ഭുവനേശ്വർ കുമാർ. ഐപിഎൽ മെഗാ താരലേലത്തിൽ ഭുവനേശ്വറിനെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു 10.75 കോടി രൂപയ്ക്ക് വിളിച്ചപ്പോൾ നെറ്റിചുളിച്ചവർക്കുള്ള മറുപടി കൂടിയായി സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ താരം നേടിയ ഹാട്രിക്ക് നേട്ടം. കരിയർ അവസാനത്തിലെത്തി നിൽക്കുന്ന, ഇന്ത്യൻ ടീമിൽ നിന്നും പുറത്തായിട്ട് വർഷങ്ങളായിട്ടുള്ള താരത്തെ പത്ത് കോടിക്ക് മുകളിൽ വിളിച്ചത് നഷ്ടമാണെന്ന അഭിപ്രായവുമായി പല ക്രിക്കറ്റ് വിദഗ്ധരും ആരാധകരും അന്ന് രംഗത്തെത്തിയിരുന്നു.

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഇഷാൻ കിഷൻ ഉൾപ്പെടുന്ന ജാർഖണ്ഡിനെതിരെയാണ് ഉത്തർപ്രദേശ് ക്യാപ്റ്റൻ കൂടിയായ ഭുവനേശ്വർ കുമാറിന്റെ ഹാട്രിക് പ്രകടനം. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നാല് ഓവറിൽ ഒരു മെയ്ഡൻ സഹിതം ആറു റൺസ് മാത്രം വഴങ്ങി ഭുവി വീഴ്ത്തിയത് മൂന്നു വിക്കറ്റ്. താരത്തിന്റെ മികച്ച പ്രകടനത്തിൽ മത്സരം ഉത്തർപ്രദേശ് 10 റൺസിന് വിജയിക്കുകയും ചെയ്തു.

മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഉത്തർപ്രദേശ് നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 160 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിൽ ജാർഖണ്ഡ് നേടിയത് 150 റൺസ്. 17–ാം ഓവറിലെ ആദ്യ മൂന്ന് പന്തുകളിൽ നിന്നായിരുന്നു താരം വിക്കറ്റ് നേടിയത്. റോബിൻ മിൻസ്, ബാൽ കൃഷ്ണ, വിവേകാനന്ദ് ദിവാരി എന്നിവരെയാണ് തൊട്ടടുത്ത പന്തുകളിൽ പുറത്താക്കിയത്. ജാർഖണ്ഡിന് വേണ്ടി അനുകൂൽ റോയ് 44 പന്തിൽ എട്ടു ഫോറുകളും ഏഴു സിക്സറുകളും അടക്കം 91 റൺസുമായി പൊരുതി നോക്കിയെങ്കിലും രക്ഷയുണ്ടായില്ല. നേരത്തെ റിങ്കു സിങ് (45), പ്രിയം ഗാർഗ് ( 31) തുടങ്ങിയവരുടെ പ്രകടനമാണ് ഉത്തർപ്രദേശിന് മികച്ച സ്കോർ സമ്മാനിച്ചത്.

About the author

KeralaNews Reporter

Add Comment

Click here to post a comment