Kerala

പുതിയ പേരില്‍ ഡിസംബറില്‍ പാര്‍ട്ടി അനുമതിയോടെ ആത്മകഥ പ്രസിദ്ധീകരിക്കും; ഇ പി ജയരാജൻ

ആത്മകഥയുടെ ആദ്യഭാഗം ഡിസംബറില്‍ പ്രസിദ്ധീകരിക്കുമെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ. പാ‍ർ‌ട്ടിയുടെ അനുവാദം വാങ്ങി പുസ്തകം പ്രസിദ്ധീകരിക്കുമെന്നും ഇ പി ജയരാജൻ വ്യക്തമാക്കി.

പുസ്തകത്തിൻ്റെ പ്രസാധകരെ തീരുമാനിച്ചിട്ടില്ലെന്നും ഇ പി അറിയിച്ചു.

നിലവില്‍ പുറത്ത് വന്ന ഭാഗങ്ങള്‍ക്ക് എഴുതിക്കൊണ്ടിരിക്കുന്ന ആത്മകഥയുമായി ബന്ധമില്ലെന്നും ഇ പി വ്യക്തമാക്കി. കട്ടൻ ചായയും പരിപ്പുവടയും എന്ന തന്നെ പരിഹസിക്കുന്ന പേര് ആയിരിക്കില്ല പുസ്തകത്തിനെന്നും ഇപി പറഞ്ഞു. ആത്മകഥയുടെ പേര് ഇപ്പോള്‍ നിശ്ചയിച്ചിട്ടില്ലെന്നും ഇ പി ജയരാജൻ കൂട്ടിച്ചേർത്തു. നേരത്തെ ആത്മകഥയുടെ ഭാഗമെന്ന നിലയില്‍ പുറത്ത് വന്ന ഉള്ളടക്കങ്ങള്‍ സംബന്ധിച്ച്‌ നല്‍കിയ പരാതിയില്‍ അന്വേഷണസംഘം പിന്നീട് മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നും ഇ പി ജയരാജൻ വ്യക്തമാക്കി.

അമേരിക്കൻ യൂണിവേഴ്സിറ്റി തീവ്രവാദികളെ പ്രോത്സാഹിപ്പിക്കുന്നുവെന്നും പലഭാഗങ്ങളിലേയ്ക്ക് വിന്യസിക്കുന്നുവെന്നുമുള്ള വാദവും ഇ പി ജയരാജൻ ആവ‍ർത്തിച്ചു. ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ്റെ പ്രസ്താവന വിഡ്ഢിത്തമെന്നും ഇ പി ജയരാജൻ പരിഹസിച്ചു. ആകാശത്തേക്ക് പറക്കണം എന്ന് ആർക്കും ആഗ്രഹിക്കാം. ബി ഗോപാലകൃഷ്ണന് വിഡ്ഢികളുടെ ധാരണയമാണ്, ഇ പി ജയരാജൻ പ്രതികരിച്ചു.

കട്ടൻചായയും പരിപ്പുവടയും എന്ന പേരില്‍ ഇ പി ജയരാജൻ്റെ ആത്മകഥ പ്രസിദ്ധീകരിക്കുമെന്ന് ഡിസി ബുക്സ് അറിയിച്ചതോടെയായിരുന്നു വിവാദങ്ങളുടെ തുടക്കം. ആത്മകഥയുടേതെന്ന പേരില്‍ കവർചിത്രവും ഡിസി പുറത്ത് വിട്ടിരുന്നു. ഇതിന് പിന്നാലെ സിപിഐഎമ്മിനും രണ്ടാം പിണറായി സർക്കാരിനുമെതിരെ രൂക്ഷവിമർശനം ഉള്‍ക്കൊള്ളുന്ന ഉള്ളടക്കം പുസ്തകത്തിൻ്റേതെന്ന പേരില്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് ദിനത്തില്‍ പുറത്ത് വന്ന ഈ വാർത്ത ആസൂത്രിത ഗൂഢാലോചന ആണെന്നായിരുന്നു ജയരാജൻ്റെ ആരോപണം.

തന്റെ ആത്മകഥാ വിവാദം ആസൂത്രിതമാണെന്നായിരുന്നു സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ്റെ ആരോപണം. പ്രസാധകര്‍ പാലിക്കേണ്ട മാന്യത ഡിസി ബുക്‌സ് കാണിച്ചില്ല. എഴുതികൊണ്ടിരിക്കുന്ന പുസ്തകത്തിന്റെ പ്രകാശനം ഫേസ്ബുക്ക് പേജിലും താന്‍ അറിയാതെ ഡിസി പബ്ലിഷ് ചെയ്തു. ബോധപൂര്‍വ്വമായ നടപടിയാണിതെന്നായി ജയരാജൻ്റെ ആരോപണം. ‘തിരഞ്ഞെടുപ്പ് ദിവസങ്ങളിലാണ് ഈ വാര്‍ത്ത പ്രസിദ്ധീകരിക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യയിലാണ് വാര്‍ത്ത വന്നത്. അതിന് പിന്നിലും ആസൂത്രിത നീക്കമുണ്ട്. വസ്തുതയില്ലാത്ത വാര്‍ത്ത പ്രചരിപ്പിച്ചു. തിരഞ്ഞെടുപ്പ് അലങ്കോലപ്പെടുത്തുകയെന്നതായിരുന്നു ലക്ഷ്യം. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഘട്ടത്തിലാണ് ഇ പി ജയരാജന്‍ പ്രകാശ് ജാവഡേക്കറെ കണ്ടുവെന്ന് വാര്‍ത്ത നല്‍കിയത്. അതിന്റെ ആവര്‍ത്തനമാണ് ഇപ്പോഴും സംഭവിച്ചത്. ഇല്ലാത്ത കഥകള്‍ എഴുതിച്ചേര്‍ത്ത് തിരഞ്ഞെടുപ്പ് ദിവസം പ്രസിദ്ധീകരിക്കുകയായിരുന്നു’, എന്നായിരുന്നു ഇ പി ജയരാജൻ്റെ ആരോപണം.

ആത്മകഥാ വിവാദത്തില്‍ ഇപി ജയരാജൻ ഡിജിപിയ്ക്ക് പരാതി നല്‍കുകയും ഡിസി ബുക്സിന് വക്കീല്‍ നോട്ടീസ് അയയ്ക്കുകയും ചെയ്തിരുന്നു. ഇ പിജയരാജൻ നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.