Kerala India

85 കേന്ദ്രീയ വിദ്യാലയങ്ങളിൽ ഒന്ന് കേരളത്തിനും

രാജ്യത്ത് പുതിയതായി 85 കേന്ദ്രീയ വിദ്യാലയങ്ങള്‍ കൂടി തുറക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി. സാമ്ബത്തിക കാര്യ ക്യാബിനറ്റിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്.

നവോദയ വിദ്യാലയ പദ്ധതിക്ക് കീഴില്‍ 28 നവോദയ വിദ്യാലയങ്ങള്‍ സ്ഥാപിക്കുന്നതിനും കാബിനറ്റ് കമ്മിറ്റി അംഗീകാരം നല്‍കിയിട്ടുണ്ട്. 85 എണ്ണം പുതിയതായി സ്ഥാപിക്കുന്നതിന് പുറമേ നിലവിലുളളവയുടെ വികസനത്തിനായി 5872 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.

പുതിയതായി ആരംഭിക്കുന്ന സ്‌കൂളുകളിലായി അമ്ബതിനായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ക്ക് ഗുണം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതോടൊപ്പം ഏകദേശം 5,388 തൊഴിലവസരങ്ങളും ഇതുവഴി സൃഷ്ടിക്കപ്പെടും. കേരളത്തില്‍ ഇടുക്കി ജില്ലയിലെ തൊടുപുഴയിലാണ് പുതിയതായി കെവി സ്ഥാപിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍/പ്രതിരോധ ജീവനക്കാരുടെ മക്കള്‍ക്ക് രാജ്യത്തുടനീളം ഏകീകൃത നിലവാരത്തിലുള്ള വിദ്യാഭ്യാസ സൗകര്യങ്ങള്‍ നല്‍കുന്നതിനായി 1962 നവംബറിലാണ് കേന്ദ്രീയ വിദ്യാലയം പദ്ധതിക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കുന്നത്.

നൂതനവും ഗുണനിലവാരമുള്ളതുമായ അദ്ധ്യാപനവും കാലികമായ അടിസ്ഥാന സൗകര്യങ്ങളും കാരണം കേന്ദ്രീയ വിദ്യാലയങ്ങള്‍ ഏറ്റവും കൂടുതല്‍ ഡിമാന്റുള്ള സ്‌കൂളുകളാണെന്ന് വിദ്യാഭ്യാസ മന്ത്രാലയം പറയുന്നു. എല്ലാ വര്‍ഷവും കേന്ദ്രീയ വിദ്യാലയങ്ങളില്‍ ഒന്നാം ക്ലാസിലേക്ക് പ്രവേശനത്തിന് അപേക്ഷിക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ടെന്നും മന്ത്രാലയം പറഞ്ഞു.

About the author

KeralaNews Reporter

Add Comment

Click here to post a comment

Featured