ഇന്ത്യൻ പ്രീമിയർ ലീഗ് 2017 സീസണിന് മുമ്പായി റൈസിങ് പൂനെ സൂപ്പർ ജയന്റ്സിന്റെ നായകമാറ്റത്തിൽ പ്രതികരണവുമായി ടീം ഉടമ സഞ്ജീവ് ഗോയങ്ക. ഐപിഎൽ 2016ൽ മഹേന്ദ്ര സിങ് ധോണി നായകനായ റൈസിങ് പൂനെ പോയിന്റ് ടേബിളിൽ അവസാന സ്ഥാനക്കാരായിരുന്നു. പിന്നാലെ 2017ലെ സീസണിന് മുമ്പായി ധോണിക്ക് പകരം സ്റ്റീവ് സ്മിത്ത് ടീം നായകനായി. ആ സീസണിൽ ഐപിഎല്ലിൽ ഫൈനലിസ്റ്റുകളാകാനും പൂനെയ്ക്ക് സാധിച്ചു. ഏഴ് വർഷത്തിന് ശേഷമാണ് അന്നത്തെ നായകമാറ്റത്തിൽ സഞ്ജീവ് ഗോയങ്ക നിശബ്ദത വെടിഞ്ഞത്.
ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിനെക്കുറിച്ച് ധോണി തന്നോട് ഒരു വാക്ക് പോലും ചോദിച്ചിട്ടില്ല. അതൊരു സ്വകാര്യമായ സൗഹൃദമാണ്. ഇത് രണ്ട് പേർ മാത്രം തമ്മിലുള്ള ആശയവിനിമയമാണ്. അത് അങ്ങനെ അവസാനിക്കും. ഒരു പ്രാധാന കാര്യം, താനും ധോണിയുമായുള്ള സൗഹൃദം ഇപ്പോഴും വളരെ നന്നായി തുടരുന്നുവെന്നതാണ്. ഗോയങ്ക രൺവീർ അല്ലാബാദിയ യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പ്രതികരിച്ചു.
‘എം എസ് ധോണിയെ ശ്രദ്ധിക്കൂ. അതുപോലൊരു ലീഡറെ താൻ കണ്ടിട്ടില്ല. ധോണിയുടെ ചിന്താഗതികളും സമീപനങ്ങളും ഈ പ്രായത്തിലും അയാളെ കരുത്തനാക്കുന്നു. മതീഷ പതിരാനയെ നോക്കു, അയാൾ ഒരു യുവതാരമാണ്. ധോണി പതിരാനയെ ഒരു മാച്ച് വിന്നറാക്കി മാറ്റി. തന്റെ താരങ്ങളെ എങ്ങനെ ഉപയോഗിക്കണമെന്ന് ധോണിക്ക് അറിയാം.’ താരങ്ങളുടെ കഴിവിന് അനുസരിച്ചാണ് ധോണിയുടെ ചിന്താഗതിയെന്നും ഗോയങ്ക വ്യക്തമാക്കി.
Add Comment