സര്‍വ്വ വ്യാപിയാണ് ഗ്ലാസ്, എവിടെത്തിരിഞ്ഞൊന്ന് നോക്കിയാലും അവിടെല്ലാം ഗ്ലാസ് ഉണ്ടാവും. ജനാല, വാതിലുകള്‍, വെള്ളം കുടിക്കാനും ഭക്ഷണം കഴിക്കാനുമുളള പാത്രങ്ങള്‍, അലമാരകള്‍ അങ്ങനെ പല നിത്യോപയോഗ സാധനങ്ങളും നിര്‍മ്മിച്ചിരിക്കുന്നത് ഗ്ലാസുകള്‍ കൊണ്ടാണ്. എന്നാല്‍ എന്താണ് ഈ ഗ്ലാസ്? ഈ ഗ്ലാസിനെ നിര്‍മ്മിച്ചിരിക്കുന്നത് എന്തുകൊണ്ടാണ്, അറിയാമോ?
ഏറ്റവും സിമ്പിളായി പറഞ്ഞാല്‍ നമ്മള്‍ കടല്‍ത്തീരത്തൊക്കെ കാണുന്ന സാധാരണ മണല്‍കൊണ്ടാണ് ഗ്ലാസ് നിര്‍മ്മിച്ചിരിക്കുന്നത്. ക്വാര്‍ട്‌സ് മണല്‍ എന്നറിയപ്പെടുന്ന സിലിക്ക മണല്‍ ഗ്ലാസ് നിര്‍മ്മാണത്തിനുള്ള പ്രധാന ഘടകമാണ്. മണലിനെ എങ്ങനെ ഗ്ലാസ് ആക്കി മാറ്റുമെന്നല്ലേ. മണല്‍ അതിന്റെ ഖര രൂപത്തില്‍ ആയിരിക്കുമ്പോള്‍ പോലും നന്നായി ചൂടാകുന്ന ഒന്നാണ്. പക്ഷേ ആ മണ്ണ് ഉരുകി ഗ്ലാസായി രൂപപ്പെടണമെങ്കില്‍ എത്രയോ ഉയര്‍ന്ന ചൂട് വേണമെന്ന് ചിന്തിക്കാവുന്നതല്ലേയുള്ളൂ. മണല്‍ ഉരുകാന്‍ 1700ഡിഗ്രി സെല്‍ഷ്യല്‍ അതായത് 3090 ഡിഗ്രി ഫാരന്‍ഹീറ്റ് താപനില ആവശ്യമാണ്.
ഗ്ലാസ് നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന മണലില്‍ ക്വാര്‍ട്ട് ക്രിസ്റ്റലുകളുടെ തന്‍മാത്രകളുണ്ട്. ഇത് സിലിക്കണ്‍ ഡയോക്‌സൈഡിന്റെ തന്‍മാത്രകളാല്‍ നിര്‍മ്മിതമാണ്. ഇത് സിലിക്ക എന്നും അറിയപ്പെടുന്നു. ഉയര്‍ന്ന ചൂടില്‍ ചൂടാക്കുമ്പോള്‍ മണല്‍ ഉരുകുകയും ചെയ്യുന്നു. ചുണ്ണാമ്പ് കല്ല്, മണല്‍ എന്നിവയുടെ സംയോജനമായ സോഡാ ലൈം ഗ്ലാസ് ആണ് ഏററവും സാധാരണമായ ഗ്ലാസ്. ഇത്തരത്തില്‍ നിര്‍മ്മിക്കുന്ന ഗ്ലാസിന്റെ നിര്‍മ്മാണത്തില്‍ സോഡ(സോഡിയം കാര്‍ബണേറ്റ് ) ചേര്‍ക്കുന്നു. സോഡ മാത്രം ചേര്‍ത്താല്‍ ഗ്ലാസിന്റെ രാസ ദൈര്‍ഘ്യം കുറയുന്നതുകൊണ്ട് ചുണ്ണാമ്പുകല്ലും ഈ കൂട്ടിലേക്ക് ചേര്‍ക്കും. മിശ്രിതം ചൂടാക്കി, ഉരുക്കി പല ആകൃതിയിലാക്കി പിന്നീട് മുറിച്ചെടുക്കുകയുമാണ് ചെയ്യുന്നത്.
Add Comment