Money

രൂപയുടെ മൂല്യം സര്‍വകാല റെക്കോര്‍ഡ് താഴ്ചയിലേക്ക് കൂപ്പുകുത്തി

രൂപയുടെ മൂല്യം ഡോളറിനെതിരെ ഇടിയുന്നത് തുടരുന്നു. വ്യാപാരത്തിന്റെ തുടക്കത്തില്‍ ഡോളര്‍ ഒന്നിന് 84.85 എന്ന നിലയിലേക്ക് താഴ്ന്ന് രൂപയുടെ മൂല്യം സര്‍വകാല റെക്കോര്‍ഡ് താഴ്ചയിലേക്ക് കൂപ്പുകുത്തി. ഇന്ന് രണ്ടുപൈസയുടെ നഷ്ടമാണ് രൂപ നേരിട്ടത്. കഴിഞ്ഞ ദിവസം രണ്ടുപൈസയുടെ നേട്ടത്തോടെ 84.83 എന്ന നിലയിലാണ് രൂപയുടെ വിനിമയം അവസാനിച്ചത്.

ഓഹരി വിപണിയില്‍ നിന്ന് വിദേശ നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്ക് തുടരുന്നതും അസംസ്‌കൃത എണ്ണ വില ഉയരുന്നതുമാണ് രൂപയെ സ്വാധീനിക്കുന്നത്. വിപണി പ്രതീക്ഷിക്കുന്ന ചില്ലറവിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് ഇന്ന് വരും. പണപ്പെരുപ്പനിരക്ക് ഉയരുകയാണെങ്കില്‍ അത് ഓഹരി വിപണിയെ ബാധിക്കുമെന്നാണ് വിദഗ്ധരുടെ അനുമാനം.

എണ്ണവിലയും കുതിക്കുകയാണ്. 0.12 ശതമാനം വര്‍ധനവോടെ ബാരലിന് 73.61 എന്ന നിലയിലാണ് ബ്രെന്‍ഡ് ക്രൂഡിന്റെ വില്‍പ്പന നടക്കുന്നത്. അതിനിടെ ഓഹരി വിപണിയില്‍ കാര്യമായ മുന്നേറ്റമില്ല. വ്യാപാരത്തിന്റെ തുടക്കത്തില്‍ ബിഎസ്ഇ സെന്‍സെക്സ് 50 പോയിന്റിന്റെ മുന്നേറ്റമാണ് കാഴ്ചവെച്ചത്. ബുധനാഴ്ച വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ 1012 കോടി മൂല്യമുള്ള ഓഹരികളാണ് വിറ്റഴിച്ചത്.

About the author

KeralaNews Reporter

Add Comment

Click here to post a comment

Featured