Kerala

കല്ലടിക്കോട് അപകടം; മരിച്ച നാല് പേരെയും ഒരുമിച്ച് ഖബറടക്കും

പാലക്കാട്: ഒരുമിച്ച് കളിചിരി പറഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടെ പനയമ്പാട് സിമൻ്റ് ലോറി പാഞ്ഞ് കയറി മരിച്ച കൂട്ടുകാരികളെ ഒരുമിച്ച് ഖബറടക്കും. തുപ്പനാട് ജുമാമസ്ജിദിലാണ് ഇവരെ ഖബറടക്കുക. നാല് പേരുടെയും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് ശേഷം രാവിലെ ആറരയോടെ വിദ്യാ‍ർത്ഥികളുടെ വീട്ടിലേയ്ക്ക് എത്തിച്ചു. വിദ്യാർ‌ത്ഥികൾ പഠിച്ച സ്കൂളിൽ പൊതുദർശനം ഉണ്ടായില്ല. വീടുകളിൽ നിന്നും നാലുപേരുടെയും മൃതദേഹങ്ങൾ രാവിലെ 8.30ഓടെ തുപ്പനാട് കരിമ്പനയ്ക്കൽ ഹാളിൽ പൊതുദർശനത്തിന് വെച്ചു. പൊതുദർശനത്തിന് ശേഷം രാവിലെ പതിനൊന്ന് മണിയോടെ നാല് പേരുടെയും മൃതദേഹം തുപ്പനാട് ജുമാമസ്ജിദിൽ ഖബറടക്കും. നിദ ഫാത്തിമ, റിദ ഫാത്തിമ, ഇർഫാന ഷെറിൻ, എ എസ് ആയിഷ എന്നിവർ പഠിച്ചിരുന്ന കരിമ്പ ഹയർസെക്കൻഡറി സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്നലെ വൈകുന്നേരമാണ് പരീക്ഷ കഴിഞ്ഞ് കളിചിരി പറഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടെ നാല് വിദ്യാർത്ഥിനികളും അതിദാരുണമായി അപകടത്തിൽപ്പെട്ടത്. വ്യാഴാഴ്ച വൈകുന്നേരം സ്കൂൾ വിട്ടുവരുന്ന വഴി സിമന്റ്‌ ലോഡ് വഹിച്ച ലോറി വിദ്യാർത്ഥികളുടെ മുകളിലേക്ക് മറിയുകയായിരുന്നു. മറ്റൊരു വണ്ടിയിൽ ഇടിച്ച് നിയന്ത്രണം വിട്ട ലോറി പോസ്റ്റിലിടിച്ചാണ് കുട്ടികളുടെ മുകളിലേക്ക് മറിഞ്ഞത്.