Kerala

ഒരുമിച്ച് ഖബർസ്ഥാനിലേക്ക്; ഉള്ളുലഞ്ഞ് നാട്, കണ്ണീരായി പനയമ്പാടത്തെ അപകടം

പാലക്കാട്: ഇന്നലെ വൈകിട്ടാണ് പാലക്കാടിനെ ഞെട്ടിച്ച് ദാരുണമായ അപകടം ഉണ്ടയത്. കരിമ്പ ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥികളാണ് അപകടത്തിൽ അതിദാരുണമായി മരിച്ചത്. പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുട്ടികളുടെ മുകളിലേക്ക് സിമൻറ് ലോറി മറിയുകയായിരുന്നു. തുപ്പനാട് മസ്ജിദിൽ ഒന്നിച്ച് നാല് കുട്ടികളുടെയും സംസ്കാരം നടന്നു.

പള്ളിപ്പുറം ഹൗസിലെ അബ്ദുൽ സലാം- ഫാരിസ ദമ്പതികളുടെ മകൾ ഇർഫാന ഷെറിൻ, പട്ടേത്തൊടിയിൽ അബ്ദുൽ റഫീഖ്-ജസീന ദമ്പതികളുടെ മകൾ റിദ ഫാത്തിമ്മ, കവളെങ്ങൽ ഹൗസിലെ അബ്ദുൽ സലീം- നബീസ ദമ്പതികളുടെ മകൾ നിദ ഫാത്തിമ്മ, അത്തിക്കൽ ഹൗസിലെ ഷറഫുദ്ദീൻ-സജ്ന ദമ്പതികളുടെ മകൾ ഐഷ എന്നിവരാണ് മരിച്ച വിദ്യാർത്ഥിനികൾ.

വലിയ പ്രതീക്ഷകളോടെ ഉള്ള ജീവിതത്തിൽ പെട്ടെന്ന് അപ്രത്യക്ഷമായിട്ടാണ് അപകടം എത്തിയത്. പാലക്കാട് പനയമ്പാടത്ത് അപകടത്തിൽ മരിച്ച വിദ്യാർത്ഥികളുടെ മൃതദേഹം വീടുകളിൽ എത്തിച്ചപ്പോൾ കണ്ടത് കരളലിയിപ്പിക്കുന്ന കാഴ്ച്ചകൾ ആയിരിന്നു. മാതാപിതാക്കളേയും സുഹൃത്തുക്കളേയും ആശ്വസിപ്പിക്കാൻ നാട്ടുകാരും കുടുംബക്കാരും നന്നേകഷ്ടപ്പെട്ടു.

മരിച്ച റിദയുടെ മൃതദേഹത്തിനരികെ സുഹൃത്തുക്കൾ കൂട്ടത്തോടെ വിലപിച്ചതോടെ നാട്ടുകാർ ഇവരെ പിടിച്ചുമാറ്റി. റിദാ..റിദാ എന്ന് ഉറക്കെ വിളിച്ചു കൊണ്ടാണ് കുട്ടികൾ അലമുറയിട്ട് കരഞ്ഞത്. അതിനിടെ, മൃതദേഹത്തിനടുത്തെത്തിയ റിദയുടെ മാതാപിതാക്കൾ തളർന്നുവീണു. രാവിലെ ആറ് മണിയോടെയാണ് മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകിയത്.

അതേസമയം, അപകടത്തിൽപ്പെട്ട ലോറിയുടെ ജീവനക്കാരുടെ വിശദമായ മൊഴി പോലീസ് ഇന്നെടുക്കും. അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ലോറി ഡ്രൈവർ മഹേന്ദ്ര പ്രസാദിൻറെയും ക്ലീനർ വർഗീസിൻ്റെയും മൊഴിയാണ് പോലീസ് രേഖപ്പെടുത്തുക. ഇതിന് ശേഷമായിരിക്കും ഇവർക്കെതിരെ കേസെടുക്കുന്ന കാര്യത്തിലേക്ക് കടക്കുക. കല്ലടിക്കോട് പൊലീസിൻ്റെ നേതൃത്വത്തിലായിരിക്കും മൊഴിയെടുക്കുക. എതിരെ വന്ന വാഹന ഉടമയെയും വിശദമായി ചോദ്യം ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്.