ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ കരിയറിലെ നിർണായക നാഴികക്കല്ല് പിന്നിട്ട് ന്യൂസിലാൻഡ് പേസർ ടിം സൗത്തി. ടെസ്റ്റ് കരിയറിൽ ആകെ നേടിയ സിക്സറുകളുടെ എണ്ണത്തിൽ വെസ്റ്റ് ഇൻഡീസ് മുൻ താരം ക്രിസ് ഗെയ്ലിനൊപ്പമെത്തിയിരിക്കുകയാണ് ന്യുസിലാൻഡ് താരം. 103 ടെസ്റ്റുകളിൽ നിന്നാണ് ഗെയ്ൽ 98 സിക്സറുകൾ നേടിയത്. ക്രിക്കറ്റ് കരിയറിലെ അവസാനത്തെ മത്സരം കളിക്കുന്ന സൗത്തിയുടെ പേരിലും 98 സിക്സറുകളാണുള്ളത്.
അവസാന ടെസ്റ്റ് കളിക്കുന്ന ടിം സൗത്തിയെ ഗാർഡ് ഓഫ് ഓണർ നൽകിയാണ് ഇംഗ്ലണ്ട് താരങ്ങൾ സ്വീകരിച്ചത്. 10 പന്തിൽ ഒരു ഫോറും മൂന്ന് സിക്സും സഹിതം 25 റൺസും മുൻ നായകൻ സംഭാവന നൽകി. കരിയറിൽ 107-ാം ടെസ്റ്റ് കളിക്കുന്ന സൗത്തി ആകെ നേടിയത് 2,243 റൺസാണ്. 389 വിക്കറ്റുകളും താരം സ്വന്തമാക്കി. താരത്തിന് നന്ദി അർപ്പിച്ചുകൊണ്ട് ഹാമിൽട്ടണിലെ ഗ്രൗണ്ടിലെ സ്റ്റാൻഡിന് ടിം സൗത്തിയുടെ പേരും നൽകിയിട്ടുണ്ട്.
ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ ആദ്യം ബാറ്റ് ചെയ്യുന്ന ന്യൂസിലാൻഡ് ഒന്നാം ദിവസം മത്സരം നിർത്തുമ്പോൾ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 315 റൺസെന്ന നിലയിലാണ്. ടോം ലാതവും വിൽ യങ്ങും ഒന്നാം വിക്കറ്റിൽ നൽകിയ മികച്ച തുടക്കം മുതലാക്കാൻ കഴിയാതെ പോയതാണ് കിവീസ് നിരയ്ക്ക് തിരിച്ചടിയായത്. 63 റൺസെടുത്ത ടോം ലാതം തന്നെയാണ് കിവീസ് നിരയിലെ ഇതുവരെയുള്ള ടോപ് സ്കോറർ.
വിൽ യങ് 42, കെയ്ൻ വില്യംസൺ 44 എന്നിവരും ഭേദപ്പെട്ട സംഭാവന നൽകി. 50 റൺസുമായി പുറത്താകാതെ നിൽക്കുന്ന മിച്ചൽ സാന്റനർ ആണ് ന്യൂസിലാൻഡ് സ്കോർ 300 കടത്തിയത്. ഇംഗ്ലണ്ട് നിരയിൽ ഗസ് അറ്റ്കിൻസൺ, മാത്യൂ പോട്സ് എന്നിവർ മൂന്ന് വീതം വിക്കറ്റുകൾ വീഴ്ത്തി. ബ്രൈഡൻ കാർസ് രണ്ടും ബെൻ സ്റ്റോക്സ് ഒരു വിക്കറ്റും സ്വന്തമാക്കി.
Add Comment