ആപ്പിളിന്റെ വിഷ്വൻ പ്രോയ്ക്കും മെറ്റയുടെ ക്വസ്റ്റ് 3 യ്ക്കും മറുപടിയുമായി സാംസങ് എത്തുന്നു. ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ സാങ്കേതിക വിദ്യയുമായി പുതിയ എക്സ് ആർ ഹെഡ്സെറ്റുമായിട്ടാണ് സാംസങ് എത്തുന്നത്. പ്രോജക്റ്റ് മൂഹൻ എന്ന് പ്രാഥമികമായി പേര് നൽകിയിരിക്കുന്ന ഉൽപ്പന്നം അടുത്തവർഷമായിരിക്കും വിപണിയിൽ എത്തുക.
ഗൂഗിളിന്റെ പുതിയ ആൻഡ്രോയിഡ് എക്സ്ആർ ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിച്ച് എത്തുന്ന ആദ്യത്തെ ഉപകരണമാണ് മൂഹൻ എക്സ്ആർ ഹെഡ്സെറ്റ്. ഗൂഗിളിന്റെ തന്നെ ജെമിനി എഐ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഹെഡ്സെറ്റിൽ വെർച്വൽ ഡിസ്പ്ലെയിൽ പ്രവർത്തിക്കാൻ സാധിക്കുന്ന ആപ്പുകളും ഒരുക്കിയിട്ടുണ്ട്.
ആപ്പിളിന്റെ വിഷ്വല് പ്രോ, മെറ്റ ക്വസ്റ്റ് 3 എന്നിവയായിരിക്കും സാംസങ് മൂഹാനിന്റെ പ്രധാന എതിരാളികൾ. ഇൻഫിനിറ്റി എന്നർത്ഥം വരുന്ന കൊറിയൻ വാക്കാണ് മൂഹൻ. ഓഗ്മെന്റ് റിയാലിറ്റി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, വെർച്വൽ റിയാലിറ്റി എന്നിവ ഉൾപ്പെടുത്തിയാണ് പുതിയ ആൻഡ്രോയിഡ് എക്സ് ആർ നിർമിച്ചിരിക്കുന്നത്.
അതേസമയം മൂഹൻ എക്സ്ആർ ഹെഡ്സെറ്റിന്റെ വില എത്രയായിരിക്കുമെന്ന് സാംസങ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഗൂഗിൾ ടിവി, ഗൂഗിൾ ഫോട്ടോസ് എന്നിവ ഉപയോഗിച്ച് വെർച്വൽ ഡിസ്പ്ലേയിൽ വീഡിയോകളും ഫോട്ടോകളും കാണാനും ഗൂഗിൾ ക്രോം ഉപയോഗിച്ച് വെബ് ബ്രൗസ് ചെയ്യാനും സാധിക്കും. ഇതിന് പുറമെ തത്സമയ ഗൂഗിൾ ട്രാൻസ്ലേറ്റ്, ഗൂഗിൾ മാപ്സ് എന്നിവയും മൂഹൻ എക്സ്ആറിൽ സാധിക്കും.
2023 ൽ ഗാലക്സി എസ് 23 സീരിസ് ഫോൺ പുറത്തിറക്കുമ്പോൾ ആയിരുന്നു പുതിയ എക്സ്ആർ ഹെഡ്സെറ്റ് പുറത്തിറക്കുന്നതായി സാംസങ് പ്രഖ്യാപിച്ചത്. ഇതിനായി ഗൂഗിൾ, ക്വാൽകോം എന്നീ കമ്പനികളുമായി സഹകരിക്കുന്നതായും സാംസങ് പ്രഖ്യാപിച്ചിരുന്നു.
Add Comment