ഡൽഹി: തീവണ്ടിയാത്രയുടെ പുത്തൻ അനുഭവവുമായി വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ ട്രാക്കിലേക്ക്. നാളുകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ സർവ്വീസ് ആരംഭിക്കുകയാണ്. 2025 ജനുവരി 26 റിപ്പബ്ലിക് ദിനത്തിലാണ് ആദ്യത്തെ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ ഓടിത്തുടങ്ങുക. ന്യൂഡൽഹിയിൽ നിന്ന് ശ്രീനഗറിലേക്കായിരിക്കും ആദ്യ സർവ്വീസ്. ഡൽഹിയിൽ നിന്ന് രാത്രി ഏഴിന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ എട്ടിന് ശ്രീനഗറിൽ എത്തുന്ന രീതിയിലാണ് സർവ്വീസ് പരിഗണിക്കുന്നത്.
800 കിലോമീറ്റർ 13 മണിക്കൂറിൽ താഴെ സമയം കൊണ്ട് വന്ദേഭാരത് താണ്ടും. നിലവിൽ ശ്രീനഗറിലേക്ക് ഡൽഹിയിൽ നിന്ന് ട്രെയിനുകളൊന്നും ഇല്ല. വന്ദേഭാരത് എത്തുന്നതോടെ കശ്മീർ താഴ് വരയിൽ നിന്ന് ഡൽഹിയിലേക്ക് നേരിട്ടുള്ള ട്രെയിൻ കണക്ടിവിറ്റിയാണ് സാധ്യമാകുന്നത്.
വന്ദേഭാരതിന്റെ എക്സ്പ്രസ്, വന്ദേ നമോ എന്നിവയ്ക്ക് ശേഷം വരുന്ന വേരിയന്റാണ് വന്ദേഭാരത് സ്ലീപ്പർ. വേഗത, സുരക്ഷ, യാത്രക്കാർക്കായുള്ള സൗകര്യങ്ങൾ തുടങ്ങിയ കാര്യങ്ങളിൽ രാജധാനി എക്സ്പ്രസ് ട്രെയിനുകളേക്കാൾ ഒരു പടി മുന്നിൽ തന്നെയാകും വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളെന്നാണ് വിവരം.
മണിക്കൂറിൽ 180 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാൻ വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾക്കാകും. എന്നാൽ റെയിൽവേ അനുവദനീയ വേഗതയായ 160 കിലോമീറ്ററിലാകും സഞ്ചാരം.
Add Comment