Travel

മനുഷ്യരെക്കാള്‍ കൂടുതല്‍ പക്ഷികൾ വസിക്കുന്ന ദ്വീപ് ഏതെന്ന് അറിയാമോ?

വടക്കന്‍ അറ്റ്‌ലാന്റിക് സമുദ്രത്തിലെ മഞ്ഞുമൂടിയ ജലാശയത്തിന് നടുവില്‍ ഒരു ദ്വീപുണ്ട്. മനോഹരമായ ആകാശവും പ്രകൃതി ഭംഗിയും നിറഞ്ഞ ഒരു ദ്വീപ്. ‘ഗിംസി’ എന്നാണ് ഈ ദ്വീപിന്റെ പേര്. അതിമനോഹരമായ ഈ ദ്വീപിന്റെ ഏറ്റവും വലിയ പ്രത്യേകത ഇവിടെ മനുഷ്യരെക്കാള്‍ കൂടുതല്‍ പക്ഷികളാണ് വസിക്കുന്നതെന്നതാണ്.

6.5 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലുള്ള ദ്വീപ് ഐസ് ലാന്‍ഡിന്റെ വടക്കന്‍ തീരത്തുനിന്ന് 40 കിലോമീറ്റര്‍ അകലെയാണ്. രാജ്യത്തിന്റെ വടക്കേയറ്റത്തെ ജനവാസ കേന്ദ്രവും ആര്‍ട്ടിക് സര്‍ക്കിളിനുള്ളില്‍ സ്ഥിതിചെയ്യുന്ന ഐസ്സ് ലാന്‍ഡിലെ ഏക ഭാഗവുമാണ് ഗ്രിംസി. പക്ഷി നിരീക്ഷകരുടെ പറുദീസ എന്നുകൂടി അറിയപ്പെടുന്ന ദ്വീപാണ് ഇവിടം.

പഫിനുകള്‍, ആര്‍ട്ടിക് ടേണുകള്‍, റേസര്‍ബില്ലുകള്‍, ഗില്ലെമോട്ടുകള്‍ എന്നിവയാണ് ഇവിടെ സാധാരണയായി കാണപ്പെടുന്ന പക്ഷികള്‍. പക്ഷികളും മനുഷ്യരും മാത്രമല്ല ഐസ് ലാന്‍ഡിക് ആടുകളും കുതിരകളും ദ്വീപിലെ പുല്‍മേടുകളില്‍ മേയുകയും ദ്വീപിന്റെ ഭംഗിയ്ക്ക് മാറ്റ് കൂട്ടുകയും ചെയ്യാറുണ്ട്.

പ്രകൃതി മനോഹാരിത നിറഞ്ഞ ദ്വീപാണെങ്കിലും ഇവിടുത്തെ ജീവിതം വളരെ മനോഹരമൊന്നുമല്ല. തണുത്തുറഞ്ഞ കാലാവസ്ഥയും ശക്തമായ കാറ്റും ഒക്കെയുള്ളതുകൊണ്ട് ഇവിടെ താമസിക്കുന്നത് കഠിനമായ കാര്യമാണ്. ഈ ദ്വീപില്‍ ഒരുകാലത്ത് ധാരാളം ആളുകള്‍ താമസിച്ചിരുന്നു. എന്നാലിപ്പോള്‍ 20 പേര്‍ മാത്രമേ ഇവിടെയുള്ളൂ. ശൈത്യകാലം കഠിനമാകുമ്പോള്‍ പല വീടുകളില്‍നിന്നും അളുകള്‍ വീടുകള്‍ ഉപേക്ഷിച്ച് മറ്റിടങ്ങളിലേക്ക് താമസം മാറും.

എന്നാല്‍ വേനല്‍ക്കാലത്ത് പക്ഷികളെ കാണാനും ദ്വീപിന്റെ സൗന്ദര്യം ആസ്വദിക്കാനും വിനോദ സഞ്ചാരികള്‍ വരാറുണ്ട്. ആ സമയത്ത് ദ്വീപ് സജീവമാകാറുണ്ട്. എന്നാല്‍ സഞ്ചാരികള്‍ പോയിക്കഴിഞ്ഞാല്‍ ദ്വീപ് വീണ്ടും നിശബ്ദമാകും. മത്സ്യബന്ധനമാണ് ദ്വീപിന്റെ പ്രധാന ഉപജീവനമാര്‍ഗ്ഗം.

ഗിംസിയില്‍ ആശുപത്രിയോ ഡോക്ടറോ പോലീസ് സ്‌റ്റേഷനോ ഇല്ല. അടിയന്തര സാഹചര്യത്തില്‍ കോസ്റ്റ് ഗാര്‍ഡും എമര്‍ജന്‍സി സര്‍വ്വീസുകളും നടത്തിയെടുക്കാന്‍ ദ്വീപ് നിവാസികള്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്.