India

ജഡ്ജി ശേഖര്‍ കുമാര്‍ യാദവ് പരസ്യമായ ഖേദപ്രകടനം നടത്തണമെന്ന ആവശ്യവുമായി സുപ്രീംകോടതി കൊളീജീയം

ന്യൂഡല്‍ഹി: വിശ്വഹിന്ദു പരിഷത്തിന്റെ പരിപാടിയില്‍ പങ്കെടുത്ത് നടത്തിയ വിവാദപ്രസംഗത്തിന് പരസ്യമായ ഖേദപ്രകടനം നടത്താന്‍ അലഹബാദ് ഹൈക്കോടതി ജഡ്ജി ശേഖര്‍ കുമാര്‍ യാദവിനോട് സുപ്രീംകോടതി കൊളീജീയം ആവശ്യപ്പെട്ടു. വിവാദം എന്നന്നേക്കുമായി അവസാനിപ്പിക്കാന്‍ പരസ്യ ഖേദപ്രകടനം ആവശ്യമാണെന്ന് കൊളീജിയം ശേഖര്‍ കുമാര്‍ യാദവിനോട് പറഞ്ഞെന്നാണ് വിവരം. അതേ സമയം തന്റെ വാക്കുകള്‍ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ എടുത്തില്ലെന്ന് പൊതുവേദിയില്‍ വ്യക്തമാക്കാമെന്ന് ജസ്റ്റിസ് എസ് കെ യാദവ് സുപ്രീംകോടതി കൊളീജിയത്തെ അറിയിച്ചത്.

വിവാദ പരാമര്‍ശങ്ങളെ സംബന്ധിച്ച് വിശദീകരണം നല്‍കാന്‍ ശേഖര്‍ കുമാര്‍ യാദവ് തിങ്കളാഴ്ച സുപ്രീം കോടതി കൊളീജിയത്തിന് മുമ്പാകെ ഹാജരായിരുന്നു. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ അദ്ധ്യക്ഷതയുടെ അഞ്ചംഗ കൊളീജീയത്തിന് മുമ്പാകെയാണ് ജസ്റ്റിസ് യാദവ് ഹാജരായത്. തന്റെ പ്രസംഗത്തിലെ ചില അടര്‍ത്തിയെടുത്താണ് മാധ്യമങ്ങള്‍ വിവാദമാക്കുകയായിരുന്നുവെന്നാണ് ശേഖര്‍ കുമാര്‍ യാദവ് കൊളിജീയത്തിന് മുമ്പാകെ വിശദീകരിച്ചത്. എന്നാല്‍ ഈ വിശദീകരണത്തില്‍ കൊളീജിയം തൃപ്തരായിരുന്നില്ല.

ഡിസംബര്‍ എട്ടിന് വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച പരിപാടിയിലാണ് ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവ് പങ്കെടുത്തത്. പരിപാടിയില്‍ ഉടനീളം ഏക സിവില്‍ കോഡിനെക്കുറിച്ചായിരുന്നു ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവിന്റെ പരാമര്‍ശം. രാജ്യത്ത് ഭൂരിപക്ഷത്തിന്റെ അഥവാ ഹിന്ദുക്കളുടെ താത്പര്യ പ്രകാരം മാത്രമേ കാര്യങ്ങള്‍ നടപ്പിലാക്കുകയുള്ളൂ എന്ന് ശേഖര്‍ കുമാര്‍ യാദവ് പറഞ്ഞിരുന്നു. ഏക സിവില്‍ കോഡ് ഭരണഘടനാപരമായി അനിവാര്യമാണ്. സാമൂഹിക ഐക്യം, ലിംഗ സമത്വം, മതേതരത്വം എന്നിവ ഏക സിവില്‍ കോഡ് ഉറപ്പു നല്‍കുന്നു. ഏക സിവില്‍ കോഡ് നടപ്പിലാകുന്നതോടെ വിവിധ മതങ്ങളിലും സമൂഹത്തിലും നിലനില്‍ക്കുന്ന അസമത്വം ഇല്ലാതാകുമെന്നും ശേഖര്‍ കുമാര്‍ യാദവ് പറഞ്ഞിരുന്നു.

സംഭവം വാര്‍ത്തയായതോടെ ശേഖര്‍ കുമാര്‍ യാദവിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നു. ജഡ്ജിക്കെതിരെ നടപടി ആവശ്യപ്പെട്ട് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പല കോണുകളില്‍ നിന്നും കത്തുകള്‍ വന്നു. ഇതിന് പിന്നാലെ സുപ്രീംകോടതി വിഷയത്തില്‍ സ്വമേധയാ ഇടപെട്ടു. അലഹബാദ് ഹൈക്കോടതി രജിസ്ട്രിയോട് വിശദാംശങ്ങള്‍ തേടിയ സുപ്രീംകോടതി വിഎച്ച്പി വേദിയില്‍ ശേഖര്‍ കുമാര്‍ യാദവ് നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണരൂപം ഹാജരാക്കാനും ആവശ്യപ്പെട്ടിരുന്നു. ശേഖര്‍ കുമാര്‍ യാദവിനെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ മുന്നണിയുടെ നേതൃത്വത്തില്‍ രാജ്യസഭയില്‍ കപില്‍ സിബലിന്റെ നേതൃത്വത്തില്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇതിന് പുറമേ ശേഖര്‍ കുമാര്‍ യാദവിനെതിരെ നടപടി ആവശ്യപ്പെട്ട് മുസ്ലിം ലീഗ് എംപിമാര്‍ രാഷ്ട്രപതിക്ക് പരാതിയും നല്‍കി.

തന്റെ വിധി പ്രസ്താവനകളില്‍ ഹിന്ദു അനുഭാവ നിലപാട് സ്വീകരിച്ച് ശ്രദ്ധനേടിയ ജഡ്ജിയാണ് ശേഖര്‍ കുമാര്‍ യാദവ്. മുന്‍പ് പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന് നിര്‍ദേശിച്ച് ശേഖര്‍ കുമാര്‍ യാദവ് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഓക്സിജന്‍ ശ്വസിച്ച് ഓക്സിജന്‍ തന്നെ പുറത്തുവിടുന്ന ഒരേ ഒരു ജീവി പശു ആണെന്നും ശേഖര്‍ കുമാര്‍ യാദവ് ഒരു വിധി പ്രസ്താവനയില്‍ പറഞ്ഞിരുന്നു. പശുവിനെ കശാപ്പ് ചെയ്ത പ്രതിക്ക് ജാമ്യം നിഷേധിച്ച ഉത്തരവിലായിരുന്നു ഈ പരാമര്‍ശമുണ്ടായിരുന്നത്.