കഞ്ചാവ് എന്ന് കേൾക്കുമ്പോൾ പേടിക്കാൻ വരട്ടെ… കഞ്ചാവ് കൊണ്ട് ഉണ്ടാക്കിയ ഒരു വിഭവത്തെ പറ്റി നിങ്ങൾ കേട്ടിട്ടുണ്ടോ? ‘ഗിഗ്ലിംഗ് ബ്രെഡ് ‘, ജോയ്ഫുള്ളി ഡാൻസിംഗ് സാലഡ് ‘ ഇതെല്ലാം കഞ്ചാവ് ഉപയോഗിച്ച് ഉണ്ടാക്കുന്ന ചില വിഭവങ്ങളുടെ പേരാണ്. എന്നാൽ ഇത് നമ്മുടെ ഇന്ത്യയിലല്ല, തായ്ലൻഡിലെ ഒരു റെസ്റ്റോറന്റിലാണ് ഇത്തരം ഫുഡ് തയ്യാറാക്കുന്നത്. കഞ്ചാവ് വെച്ച് എന്ത് വിഭവം എന്നായിരിക്കും പലർക്കും തോന്നുക. വളരെ അധികം ഗുണങ്ങളുള്ള വിഭവമാണ് ഇതെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. കഞ്ചാവാണ് ഈ വിഭവത്തിലെ പ്രധാന ചേരുവ.
തായ്ലാൻഡിൽ കഞ്ചാവ് ചെടി നിയമപരമായി അംഗീകരിച്ചിരിക്കുന്നത് തന്നെ വിദേശ സഞ്ചാരികളെ ലക്ഷ്യമിട്ടുകൊണ്ടാണ്. തായ്ലൻഡിലെ പല റെസ്റ്റോറന്റുകളിലും ഇത്തരം വിഭവങ്ങൾ ഇപ്പോൾ ലഭ്യമാണ്. കഞ്ചാവിനെ നിയമവിധേയമാക്കിയ തായ്ലൻഡ് സർക്കാർ അംഗീകരിച്ച ഫാമുകളിൽ അവയുടെ കൃഷിയ്ക്കായി അനുമതി നൽകുകയും ചെയ്തിരുന്നു. 2021 ജനുവരി മുതലാണ് റെസ്റ്റോറൻ്റുകളിൽ ഇത്തരം വിഭവങ്ങൾ വിളമ്പാൻ ആരംഭിച്ചത്. വിഭവത്തിൽ വളരെ ചെറിയ അളവിൽ മാത്രമേ കഞ്ചാവ് ചേർക്കാറുള്ളൂ.
രോഗികളായവർക്ക് അസുഖം ഭേദമാകുന്നതിന് കഞ്ചാവ് ഇലകൾ സഹായിക്കുമെന്നാണ് റെസ്റ്റോറന്റ് അധികൃതരുടെ വാദം. ദഹനപ്രക്രിയ എളുപ്പമാക്കാനും സുഖമായി ഉറങ്ങാനും ഉന്മേഷവും നല്ല മാനസികാവസ്ഥയും നൽകുന്നതിനും കഞ്ചാവ് ഇലകൾ ഉപയോഗിക്കുന്നത് സഹായിക്കുമെന്നും ഇവർ പറഞ്ഞു. കഞ്ചാവിന്റെ ആരോഗ്യഗുണങ്ങളെ പറ്റിയുള്ള ഗവേഷണങ്ങളും തായ്ലൻഡിൽ സജീവമാണ്. 2017ൽ കഞ്ചാവിനെ മെഡിക്കൽ ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ അനുമതി നൽകിയ ആദ്യ തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യമാണ് തായ്ലൻഡ്.
ഹാപ്പി പോർക്ക് സൂപ്പ്, കഞ്ചാവ് ഇലകളുടെ ക്രിസ്പി സാലഡ് തുടങ്ങിയ മറ്റ് കഞ്ചാവ് വിഭവങ്ങളും റെസ്റ്റോറന്റുകളിലുണ്ട്. വിഭവം കഴിക്കുന്നവരെല്ലാം മികച്ച അഭിപ്രായങ്ങളാണ് നൽകുന്നത്. തായ് നിയമപ്രകാരം വീടുകളിൽ ആറ് ചട്ടികളിൽ വരെ കഞ്ചാവ് കൃഷി ചെയ്യാം. ഭക്ഷ്യവസ്തുക്കളിൽ ഉപയോഗിക്കുമ്പോൾ കഞ്ചാവിലെ ടെട്രാഹൈഡ്രോകന്നാബിനോളിന്റെ അളവ് 0.2 ശതമാനത്തിൽ താഴെയായിരിക്കണം. എന്നാൽ ലഹരിയ്ക്കായി കഞ്ചാവ് ഉപയോഗിക്കുന്നതിന് തായ്ലാൻഡിൽ നിരോധനമുണ്ട്.
Add Comment