Kerala

നടിയെ ആക്രമിച്ച കേസില്‍ തുറന്ന കോടതിയില്‍ വാദമില്ല; അതിജീവിതയുടെ ഹര്‍ജി തള്ളി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തുറന്ന കോടതിയില്‍ വാദമില്ല. തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന അതിജീവിതയുടെ ആവശ്യം വിചാരണ കോടതി അംഗീകരിച്ചില്ല. അതിജീവിത നല്‍കിയ ഹര്‍ജി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി.

സുപ്രീംകോടതി മാര്‍ഗ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു നടിയെ ആക്രമിച്ച കേസിന്റെ വിചാരണ അടച്ചിട്ട കോടതിയില്‍ നടന്നത്. കേസിന്റെ വിചാരണ അന്തിമഘട്ടത്തിലേക്ക് കടന്നതോടെയാണ്, വാദം തുറന്ന കോടതിയില്‍ വേണമെന്ന ആവശ്യവുമായി അതിജീവിത വിചാരണ കോടതിയെ സമീപിച്ചത്.

കോടതിയില്‍ നടക്കുന്ന കാര്യങ്ങള്‍ പൊതുസമൂഹം കൂടി അറിയണമെന്നും ഇതില്‍ തന്റെ സ്വകാര്യതയുടെ വിഷയങ്ങളൊന്നുമില്ലെന്നുമാണ് അതിജീവിത കോടതിയില്‍ വ്യക്തമാക്കിയത്. വിചാരണ സംബന്ധിച്ച് തെറ്റായ കാര്യങ്ങള്‍ പുറത്ത് പ്രചരിക്കുന്നുണ്ട്. അതിനാല്‍ വിചാരണയുടെ വിശദാംശങ്ങള്‍ പുറത്തറിയുന്നതില്‍ തനിക്ക് എതിര്‍പ്പില്ലെന്നും അതിജീവിത വ്യക്തമാക്കിയിരുന്നു.