സിനിമാപ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ബറോസ്. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ഫാന്റസി പീരീഡ് ഴോണറിൽ കുട്ടികളെ ലക്‌ഷ്യം വെച്ചാണ് ഒരുക്കിയിരിക്കുന്നത്. ഡിസംബർ 25 ന് ക്രിസ്തുമസ് റിലീസായിട്ടാണ് ബറോസ് തിയേറ്ററിലെത്തുന്നത്. ഓപ്പൺ മൈൻഡുമായി പ്രേക്ഷകരെല്ലാം തിയേറ്ററിലേക്ക് വന്ന് ബറോസിന്റെ മാജിക് വേൾഡിലേക്ക് കയറണമെന്ന് പറയുകയാണ് മോഹന്‍ലാല്‍. തീർച്ചയായും പ്രേക്ഷകർക്ക് നല്ലൊരു ദൃശ്യാനുഭവം ആകും ബറോസ് എന്നും ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട നടന്നൊരു അഭിമുഖത്തിൽ മോഹൻലാൽ പറഞ്ഞു.
‘ഒന്നും പ്രതീക്ഷിക്കാതെ തിയേറ്ററിലേക്ക് എത്തുക. തീർച്ചയായും പ്രേക്ഷകർക്ക് നല്ലൊരു വ്യൂവിങ് എക്സ്പീരിയൻസ് ആകും ബറോസ്. ഓരോരുത്തർക്കും ഓരോ തരത്തിലായിരിക്കും സിനിമ ഇഷ്ടമാകുക. ചിലർക്ക് മ്യൂസിക് ആകും കൂടുതൽ ഇഷ്ടമാകുക, ചിലർക്ക് കോസ്റ്റ്യൂം അല്ലെങ്കിൽ മേക്കിങ്, സെന്റിമെന്റ്സ് ഒക്കെ ആകും ഇഷ്ടമാകുന്നത്. അത്തരത്തിൽ ഒരുപാട് ലേയേർസ് ഉള്ള സിനിമയാണ് ബറോസ്’, മോഹൻലാൽ പറഞ്ഞു.
ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗ് ഇന്ന് ആരംഭിച്ചു. ക്രിസ്തുമസ് സമയമായതിനാൽ ഫാമിലി പ്രേക്ഷകർ തന്നെയാണ് സിനിമയുടെ ലക്ഷ്യം. 2024 ലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന സിനിമയുടെ പട്ടികയിൽ ബറോസിന് മുന്നിലെത്താൻ സാധിക്കുമോയെന്ന് കാത്തിരുന്നു കാണേണ്ടിവരും. മികച്ച പ്രതികരണങ്ങളായിരുന്നു സിനിമയുടെ ട്രെയ്‌ലറിന് ലഭിച്ചത്. സിനിമയുടെ വിര്‍ച്വല്‍ ത്രീഡി ട്രെയ്‌ലറാണ് പുറത്തിറങ്ങിയത്.
‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്ത ജിജോ പുന്നൂസിന്‍റെ കഥയെ ആസ്പദമാക്കിയാണ് മോഹന്‍ലാല്‍ ബറോസ് ഒരുക്കുന്നത്. മോഹന്‍ലാല്‍ തന്നെയാണ് സിനിമയിലെ പ്രധാന കഥാപാത്രമായ ബറോസിനെ അവതരിപ്പിക്കുന്നത്. നിധി കാക്കുന്ന ഒരു ഭൂതവും ഒരു കൊച്ചു കുട്ടിയും അവരുടെ അത്ഭുത ലോകവുമെല്ലാമുള്ള സിനിമ കുട്ടികൾക്കും കുടുംബങ്ങൾക്കും ഒരു ക്രിസ്തുമസ് വിരുന്നായിരിക്കുമെന്ന് പ്രതീക്ഷിക്കാം. സന്തോഷ് ശിവന്‍ ക്യാമറയും സന്തോഷ് രാമന്‍ പ്രൊഡക്ഷന്‍ ഡിസൈനും നിര്‍വഹിക്കുന്നു. സംവിധായകന്‍ ടി കെ രാജീവ് കുമാറാണ് ക്രിയേറ്റീവ് ഹെഡ്. ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മാണം.
Add Comment