Politics

സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന് ഇന്ന് സമാപനം

തിരുവനന്തപുരം: സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന് ഇന്ന് സമാപനം. കോവളത്ത് ഇന്ന് വൈകുന്നേരം ചേരുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന സമ്മേളന നടപടിക്രമങ്ങൾ ഇന്ന് പൂ‍ർത്തിയാകും. പുതിയ ജില്ലാ കമ്മിറ്റിയെ സമ്മേളനം ഇന്ന് തിരഞ്ഞെടുക്കും. കൊല്ലത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തിലേയ്ക്കുള്ള പ്രതിനിധികളെയും യോ​ഗം തിരഞ്ഞെടുക്കും.

യുവനേതാക്കളെ പുതിയ കമ്മിറ്റിയിലേയ്ക്ക് പരി​ഗണിച്ചേക്കും.‌ എം എൽ എ മാരായ വി കെ പ്രശാന്ത്, ജി സ്റ്റീഫൻ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ തുടങ്ങിയവർ ജില്ല കമ്മിറ്റിയിലേക്കെത്തിയേക്കും. നിലവിലെ ജില്ലാ സെക്രട്ടറി വി ജോയ് തന്നെ വീണ്ടും തുട‍ർന്നേക്കും.

കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന പ്രതിനിധി സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി അവതരിപ്പിച്ച സംഘടനാ റിപ്പോ‍ർട്ടിന്മേലുള്ള ചർച്ചകൾ ഇന്നലെ അവസാനിച്ചിരുന്നു. ചർച്ചയിൽ സർക്കാരിനെതിരെയും സംസ്ഥാന നേതൃത്വത്തിനെതിരെയും രൂക്ഷവിമർശനമാണുയർന്നത്.

സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ വേദിയിലിരുത്തിയാണ് വനിത പ്രതിനിധിയടക്കം സംസ്ഥാന നേതൃത്വത്തെ വിമർശിച്ചത്.

ഗോവിന്ദൻ മാഷിൻ്റെ വൈരുദ്ധ്യാത്മക ഭൗതികവാദം അറിയണമെങ്കിൽ സ്‌റ്റേഷനുകളിൽ പോകണമെന്നായിരുന്നു ഒരു വനിതാ പ്രതിനിധിയുടെ വിമർശനം. സെക്രട്ടറിയുടെ പ്രസംഗത്തിന്റെ അർത്ഥം മനസ്സിലാകുന്നത് അപ്പോഴാണ്. പ്രസംഗം ഒരു വഴിക്കും പ്രവർത്തനം മറുവഴിക്കുമാണെന്നും വനിതാ നേതാവ് പറഞ്ഞത്. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗേവിന്ദൻ വേദിയിലിരിക്കെയായിരുന്നു വനിതാ നേതാവിൻ്റെ വിമർശനം.

പൊലീസ് സ്റ്റേഷനുകളിൽ ഇരകൾക്ക് നീതിയില്ലെന്നും സ്ത്രീകൾക്ക് കുട്ടികൾക്കും എതിരെയുള്ള കേസുകളിൽ നടപടിയില്ലെന്നും ഇവർ ചൂണ്ടിക്കാണിച്ചു. പാർട്ടിയിൽ വനിതകൾക്ക് പ്രാതിനിധ്യമില്ല. വനിതകളെ പാർട്ടി പദവികളിൽ തഴയുന്നു. സ്ത്രീകളെ പരിഗണിക്കണമെന്ന് സർക്കുലർ ഇറക്കാനുള്ള ആർജ്ജവം ഉണ്ടോ എന്നും വിമർശനം ഉയർന്നിരുന്നു.

ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകൾക്കെതിരെയും സമ്മേളനത്തിൽ വിമർശനം ഉയർന്നു. ലൈഫ് ഭവനപദ്ധതി വൈകുന്നുവെന്നും ക്ഷേമ പെൻഷൻ വിതരണം താളം തെറ്റിയെന്നും പ്രതിനിധികൾ വിമർശനം ഉയർത്തി. ലോക്‌സഭ തിരഞ്ഞെടുപ്പ് പരാജയത്തിന് സംസ്ഥാന ഭരണം കാരണമായെന്നും ചൂണ്ടിക്കാണിക്കപ്പെട്ടു. സ്പീക്കർ എ എൻ ഷംസീറിനെതിരെയും വിമർശനം ഉയർന്നിരുന്നു.

About the author

KeralaNews Reporter

Add Comment

Click here to post a comment