ബോർഡർ-ഗാവസ്കർ പരമ്പരയിലെ നാലാം ടെസ്റ്റിൽ അപൂർവ്വ റെക്കോർഡ് ലക്ഷ്യമിട്ട് ഇന്ത്യൻ താരം കെ എൽ രാഹുൽ. ബോക്സിങ് ഡേ ടെസ്റ്റുകളിൽ ഹാട്രിക് സെഞ്ച്വറി നേട്ടമെന്ന ചരിത്ര നേട്ടമാണ് രാഹുലിനെ കാത്തിരിക്കുന്നത്. കഴിഞ്ഞ രണ്ട് തവണയും ബോക്സിങ് ഡേ ടെസ്റ്റുകളിൽ രാഹുൽ സെഞ്ച്വറി നേട്ടം സ്വന്തമാക്കിയിരുന്നു. ഓസ്ട്രേലിയയ്ക്കെതിരെ നാലാം ടെസ്റ്റിലും സെഞ്ച്വറി നേടിയാൽ ബോക്സിങ് ഡേ ടെസ്റ്റുകളിൽ രാഹുലിന് ഹാട്രിക് സെഞ്ച്വറി നേട്ടം തികയ്ക്കാം.
2021ലും 2023ലും ബോക്സിങ് ഡേ ടെസ്റ്റുകളിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായാണ് രാഹുൽ സെഞ്ച്വറി നേട്ടം സ്വന്തമാക്കിയത്. രണ്ട് ടെസ്റ്റുകൾക്കും സെഞ്ച്വറിയനാണ് വേദിയായത്. മുമ്പ് ഒരിക്കൽ മാത്രമാണ് രാഹുൽ മെൽബണിൽ ടെസ്റ്റ് കളിക്കാൻ ഇറങ്ങിയിട്ടുള്ളത്. 2014ൽ മെൽബണിൽ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ച രാഹുലിന് പക്ഷേ തിളങ്ങാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ഈ പരമ്പരയിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ റൺസെടുത്ത താരം രാഹുലാണ്.
മൂന്ന് ടെസ്റ്റുകളിൽ നിന്നായി രണ്ട് അർധ സെഞ്ച്വറികൾ ഉൾപ്പെടെ 235 റൺസാണ് രാഹുലിന്റെ സമ്പാദ്യം. ട്രാവിസ് ഹെഡിന് പിന്നിൽ റൺവേട്ടക്കാരുടെ പട്ടികയിൽ രണ്ടാമതും രാഹുലാണുള്ളത്. ബോർഡർ-ഗാവസ്കർ ട്രോഫിയിലെ നാലാം മത്സരം ഡിസംബർ 26ന് ആരംഭിക്കും. പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങൾ അവസാനിക്കുമ്പോൾ ഇരുടീമുകളും ഓരോ വിജയം വീതം നേടി. ഒരു മത്സരം സമനിലയിലായി. പരമ്പര സമനില ആയാലും നിലവിലെ ജേതാക്കളായ ഇന്ത്യയ്ക്ക് ബോർഡർ-ഗാവസ്കർ ട്രോഫി നിലനിർത്താൻ കഴിയും. എങ്കിലും ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ പ്രവേശനത്തിന് ഇന്ത്യയ്ക്ക് രണ്ട് മത്സരങ്ങളിലും വിജയം അനിവാര്യമാണ്.
Add Comment