മെൽബണിൽ നടക്കുന്ന ബോർഡർ ഗാവസ്കർ ട്രോഫിയിലെ നാലാം ടെസ്റ്റായ ബോക്സിങ് ഡേ ടെസ്റ്റിനുള്ള അന്തിമ ഇലവനെ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയ. കഴിഞ്ഞ മത്സരത്തിൽ പരിക്കേറ്റ ഓസ്‌ട്രേലിയയുടെ സ്റ്റാർ ബാറ്റർ ട്രാവിസ് ഹെഡ് കളിക്കും. താരം ഫിറ്റ്നസ് പരിശോധനകൾ പൂർത്തിയാക്കിയാതായി ക്യാപ്റ്റൻ കമ്മിൻസ് പറഞ്ഞു. നേരത്തെ താരം നാലാം ടെസ്റ്റിൽ നിന്ന് വിട്ടുനിൽക്കുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു.
അതേ സമയം നഥാൻ മക്‌സ്വീനിക്ക് പകരക്കാരനായി ഓപ്പണർ സാം കോൺസ്റ്റാസ് അരങ്ങേറ്റം കുറിക്കും. പരിക്കേറ്റ ജോഷ് ഹേസൽവുഡിന് വേണ്ടി പേസർ സ്കോട്ട് ബോളണ്ട് ആദ്യ ഇലവനിലേക്ക് മടങ്ങിയെത്തും. നേരത്തെ പെർത്തിൽ ഹേസൽവുഡിന് പരിക്കേറ്റതിനെ തുടർന്ന് അഡലെയ്ഡിൽ ബോളണ്ട് കളിക്കുകയും അഞ്ച് വിക്കറ്റ് നേടുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് ഹേസൽ വുഡ് ഫിറ്റ്നസ് തെളിയിച്ചതോടെ ഗാബ ടെസ്റ്റിൽ നിന്ന് താരം പുറത്തായി. ഇപ്പോൾ ഹേസൽവുഡിന് വീണ്ടും പരിക്ക് പറ്റിയതോടെ താരം വീണ്ടും മടങ്ങിയെത്തിയിരിക്കുകയാണ്.
ബോർഡർ-ഗാവസ്കർ ട്രോഫിയിലെ നാലാം മത്സരം നാളെ ആരംഭിക്കും. പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങൾ അവസാനിക്കുമ്പോൾ ഇരുടീമുകളും ഓരോ വിജയം വീതം നേടി. ഒരു മത്സരം സമനിലയിലായി. പരമ്പര സമനില ആയാലും നിലവിലെ ജേതാക്കളായ ഇന്ത്യയ്ക്ക് ബോർഡർ-ഗാവസ്കർ ട്രോഫി നിലനിർത്താൻ കഴിയും. എങ്കിലും ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ പ്രവേശനത്തിന് ഇന്ത്യയ്ക്ക് രണ്ട് മത്സരങ്ങളിലും വിജയം അനിവാര്യമാണ്.
ഓസ്‌ട്രേലിയ ഇലവൻ: ഉസ്മാൻ ഖവാജ, സാം കോൺസ്റ്റാസ്, മാർനസ് ലബുഷെയ്ൻ, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, മിച്ചൽ മാർഷ്, അലക്‌സ് ക്യാരി (WK), പാറ്റ് കമ്മിൻസ് (c), മിച്ചൽ സ്റ്റാർക്ക്, നഥാൻ ലിയോൺ, സ്കോട്ട് ബോളണ്ട്
Add Comment