Kerala

വെർച്വൽ അറസ്റ്റ് തട്ടിപ്പുകേസിൽ അറസ്റ്റിലായ ലിങ്കൺ ബിശ്വാസിന് മലയാളികളുടെ സഹായം

കൊച്ചി: കൊച്ചിയിലെ വെർച്വൽ അറസ്റ്റ് തട്ടിപ്പുകേസിൽ അന്വേഷണം ശക്തമാക്കി പൊലീസ്. മലയാളികളെ കേന്ദ്രീകരിച്ചും അന്വേഷണം പുരോ​ഗമിക്കുന്നതായി പൊലീസ് അറിയിച്ചു. അറസ്റ്റിലായ മുഖ്യസൂത്രധാരൻ ലിങ്കൺ ബിശ്വാസിന് മലയാളികളുടെ സഹായം ലഭിച്ചെന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണം ശക്തമാക്കിയത്. നാലരക്കോടിയുടെ സൈബര്‍ തട്ടിപ്പ് നടത്തിയ കേസിൽ തട്ടിപ്പ് സംഘത്തിലെ പ്രധാനിയായ ലിങ്കണ്‍ ബിശ്വാസിനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

കേസിലെ പ്രധാന പ്രതി ലിങ്കണ്‍ ബിശ്വാസ് ആണെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞിരുന്നു. തട്ടിപ്പ് നടത്തിയ പത്ത് അക്കൗണ്ടുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും ഒരു അക്കൗണ്ടില്‍ ഉണ്ടായിരുന്ന 75 ലക്ഷം രൂപ മരവിപ്പിച്ചെന്നും പൊലീസ് അറിയിച്ചിരുന്നു. മറ്റ് അക്കൗണ്ടിലെ പണം പിന്‍വലിച്ച് വിദേശത്ത് അയച്ചെന്നും പൊലീസ് കണ്ടെത്തി.

ലിങ്കൺ ബിശ്വാസിന്റെ കൂട്ടാളികളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഝാർഖണ്ഡ്, മുംബൈ, ഹരിയാന എന്നിവിടങ്ങളിൽ നടത്തിയ അന്വേഷത്തിലാണ് പ്രതികളെ പിടികൂടിയത്. കൊച്ചി സൈബർ പൊലീസ് സംഘം ഉത്തരേന്ത്യയിൽ തുടരുകയാണ്. തൃക്കാക്കര പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലായിരുന്നു ലിങ്കൺ ബിശ്വാസിനെ അറസ്റ്റ് ചെയ്തത്. കൊല്‍ക്കത്തയില്‍ നിന്ന് എറണാകുളം സൈബര്‍ പോലീസാണ് പ്രതിയെ പിടികൂടിയത്.