Kerala

ഇടുക്കിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു

ഇടുക്കി: ഇടുക്കി മുള്ളരിങ്ങാട് അമേൽ തൊട്ടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. മുള്ളരിങ്ങാട് സ്വദേശി അമർ ഇലാഹി എന്ന 24കാരനായിരുന്നു ദാരുണാന്ത്യം സംഭവിച്ചത്. തേക്കിൻ കൂപ്പിൽ പശുവിനെ അഴിക്കാൻ പോയപ്പോഴായിരുന്നു ആക്രമണം. കൂടെയുണ്ടായിരുന്നയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. അമർ ഇലാഹിയെ തൊടുപുഴ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.

വളരെ നാളുകളായി മുള്ളരിങ്ങാട് മേഖലയിൽ കാട്ടാന ശല്യം രൂക്ഷമായിട്ട്. കാട്ടാനകൾ നാട്ടിലേക്കിറങ്ങുന്നതും വിളകൾ നശിപ്പിക്കുന്നതും പതിവാണ്. പലപ്പോഴും ജനങ്ങൾ രാത്രികാലങ്ങളിൽ വന്യമൃഗ ശല്യം ഭയന്ന് പുറത്തിറങ്ങാറില്ല. കൃഷി ഇറക്കാനും ജനങ്ങൾക്ക് ഭയമാണ്. കാട്ടാന മാത്രമല്ല, കാട്ടുപന്നിയും കുരങ്ങനും നാട്ടുകാർക്ക് ശല്യമായി മാറിയിരിക്കുകയാണ്. നേര്യമംഗലം വനമേഖലയിൽ നിന്നാണ് കാട്ടാനകൾ എത്തുന്നതെന്നാണ് വനംവകുപ്പ് പറയുന്നത്.

കാടിനോട് ചേർന്നായിരുന്നു അമർ ഇലാഹിയുടെ വീട്. ഏകദേശം മൂന്ന് മണിയോടെയായിരുന്നു അപകടം എന്നാണ് വിവരം. വീടിനടുത്ത് വെറും 300 മീറ്റർ മാത്രം അകലെയായിരുന്നു അമൽ ഇലാഹിയെ കാട്ടാന ആക്രമിച്ചത്. ഡിഗ്രി പഠനം പൂർത്തിയാക്കി താത്കാലികമായി ഒരു ജോലി ചെയ്ത് വരികയായിരുന്നു അമർ. കൂടെയുണ്ടായിരുന്ന ആൾ പറഞ്ഞാണ് സംഭവം പുറംലോകമറിഞ്ഞത്. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചിരുന്നു.