തിരുവനന്തപുരം: അവസാന നിമിഷം വരെ നീണ്ട സസ്പെൻസിനൊടുവിൽ കലാകിരീടം തൃശൂരിന്. തൃശൂരും പാലക്കാടും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. ഒടുവിൽ എല്ലാ മത്സരങ്ങളും ഔദ്യോഗികമായി അവസാനിച്ചപ്പോൾ തൃശൂരിന് 1008 പോയിന്റും രണ്ടാം സ്ഥാനത്തുള്ള പാലക്കാടിന് 1007 പോയിന്റും ലഭിച്ചു. 26 വർഷത്തിന് ശേഷമാണ് കലാകിരീടം തൃശൂരിലേക്കെത്തുന്നത്. 1994,1996,1999 വർഷങ്ങളിലാണ് തൃശൂർ മുൻപ് കപ്പ് ഉയർത്തിയത്. തുടക്കം മുതൽ ഒന്നാം സ്ഥാനം നിലനിർത്തിപ്പോന്നിരുന്ന കണ്ണൂർ 1003 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്.
ആയിരം പോയിന്റുമായി കോഴിക്കോടാണ് നാലാം സ്ഥാനത്ത്. എറണാകുളം (980), മലപ്പുറം (980), കൊല്ലം (964), തിരുവനന്തപുരം (957), ആലപ്പുഴ (953), കോട്ടയം (924), കാസര്‍ഗോഡ് (913), വയനാട് (895), പത്തനംതിട്ട (848), ഇടുക്കി (817) എന്നിങ്ങനെയാണ് പോയിന്റ് നില.
പാലക്കാട് ആലത്തൂരിലെ ബിഎസ്എസ് ഗുരുകുലം എച്ച്എസ്എസ് ആണ് ഏറ്റവും കൂടുതൽ പോയിന്റ് നേടിയ സ്‌കൂൾ. വൈകിട്ട് അഞ്ച് മണിക്ക് നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. ആസിഫ് അലി, ടോവിനോ തോമസ് എന്നിവരും സമാപന സമ്മേളനത്തിൽ പങ്കെടുക്കും.
Add Comment