Sports

ശുഭ്മൻ ഗില്ലിനെതിരെ രൂക്ഷവിമര്‍ശനവുമായി മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ

ബോർഡർ– ഗാവസ്കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയിൽ മോശം പ്രകടനം നടത്തിയ ശുഭ്മൻ ഗില്ലിനെതിരെ രൂക്ഷവിമര്‍ശനവുമായി മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കറും. ക്യാപ്റ്റൻസി മോഹവുമായി നടക്കുന്ന ഗിൽ ആദ്യം കഴിവു വച്ച് ടീമിലെ സ്ഥാനത്തിനുള്ള അർഹത തെളിയിക്കുകയാണ് വേണ്ടതെന്ന് മഞ്ജരേക്കർ പ്രതികരിച്ചു.

ഗൗതം ഗംഭീർ ഇന്ത്യൻ ടീമിന്റെ പരിശീലകനായതിനു പിന്നാലെ ഗില്ലിനെ ഏകദിന, ട്വന്റി20 ടീമുകളുടെ വൈസ് ക്യാപ്റ്റനാക്കിയിരുന്നു. എന്നാൽ താരത്തിന് അതിനൊത്ത പ്രകടനം നടത്താനായിരുന്നില്ല. ഇടക്കിടക്കുള്ള പരിക്കും വില്ലനായി. ഒടുവിൽ പരിക്ക് സുഖമായി എത്തിയ ഓസ്ട്രേലിയൻ പര്യടനത്തിൽ നിരാശപ്പെടുത്തി.

ഒരു മത്സരത്തിലും 40 ന് മുകളിൽ സ്‌കോർ ചെയ്യനായില്ല. ബോര്‍ഡർ– ഗാവസ്കർ ട്രോഫിയിൽ അഞ്ച് ഇന്നിങ്സുകളിൽനിന്ന് 93 റൺസ് മാത്രമാണ് ഗിൽ നേടിയത്. ഇന്ത്യൻ പ്രീമിയർ ലീഗിൽ ഗുജറാത്ത് ടൈറ്റൻസിന്റെ ക്യാപ്റ്റനായിരുന്നു ഗിൽ. നേരത്തെ 25 കാരനായ യുവതാരത്തിന്റെ പ്രകടനത്തിൽ നിരവധി മുൻ ഇന്ത്യൻ താരങ്ങൾ വിമർശനവുമായി രംഗത്തെത്തിയിരുന്നു.

ശുഭ്മാന്‍ ഗില്‍ ശരിക്കുമൊരു ഓവര്‍റേറ്റഡ് കളിക്കാരനാണെന്ന് താൻ‌ എപ്പോഴും പറഞ്ഞിരുന്നെന്നും അര്‍ഹിക്കുന്ന താരങ്ങള്‍ക്ക് അവസരം നല്‍കാതെ ഗില്ലിനെ സെലക്ഷന്‍ കമ്മിറ്റി അമിതമായി പിന്തുണയ്ക്കുകയാണെന്നും ശ്രീകാന്ത് കുറ്റപ്പെടുത്തി. ഗിൽ തമിഴ്നാട്ടുകാരനായിരുന്നെങ്കിൽ നേരത്തേ തന്നെ ടീമിൽനിന്നു പുറത്താകുമായിരുന്നെന്നും ബദ്രിനാഥ് ഒരു സ്പോർട്സ് മാധ്യമത്തിലെ ചര്‍ച്ചയിൽ പ്രതികരിച്ചു.

അതേ സമയം ഗില്ലിന് ഏകദിന ടീമിന്റെ വൈസ് ക്യാപ്റ്റൻ സ്ഥാനവും നഷ്ടമായേക്കുമെന്നു റിപ്പോർട്ടുകളുണ്ട്. വരാനിരിക്കുന്ന ചാംപ്യൻസ് ട്രോഫിയിൽ രോഹിത് ശർമ ഇന്ത്യയെ നയിക്കുമ്പോൾ ജസ്പ്രീത് ബുംമ്ര വൈസ് ക്യാപ്റ്റനാകാനാണു സാധ്യത. ശുഭ്മൻ ഗിൽ ചാംപ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിൽ ഇടം നേടുമെങ്കിലും ഫോം കണ്ടെത്താൻ സാധിച്ചില്ലെങ്കില്‍ പ്ലേയിങ് ഇലവനിൽ നിന്നും പുറത്തായേക്കും.

About the author

KeralaNews Reporter

Add Comment

Click here to post a comment

Featured