Kerala

അനന്തപുരിയിൽ തൃശൂർ പൂരം

തിരുവനന്തപുരം: 63മത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ 1008 പോയിന്റ് നേടി തൃശൂര്‍ ജില്ല കലാകിരീടം സ്വന്തമാക്കി. 26 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തൃശൂര്‍ ജില്ല കലാകീരിടം ചൂടുന്നത്. ഇത് നാലാം തവണയാണ് തൃശൂര്‍ വിജയികളാകുന്നത്. മന്ത്രിമാരായ വി ശിവന്‍കുട്ടി, കെ രാജന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, നടന്മാരായ ടൊവിനോ തോമസ്, ആസിഫ് അലി എന്നിവര്‍ ചേര്‍ന്നാണ് കപ്പ് സമ്മാനിച്ചത്.

1007 പോയിന്റ് നേടി പാലക്കാടാണ് രണ്ടാമത്. 1003 പോയിന്റ് നേടി കണ്ണൂര്‍ മൂന്നാം സ്ഥാനത്തെത്തി. കോഴിക്കോട്, എറണാകുളം, മലപ്പുറം ജില്ലകളാണ് തൊട്ടുപിന്നിലുള്ള ജില്ലകള്‍. ആതിഥേയരായ തിരുവനന്തപുരം 957 പോയിന്റുമായി എട്ടാം സ്ഥാനക്കാരായി.

തൃശൂരും പാലക്കാടും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 482 പോയിന്റുമായി ഒന്നാമതെത്തി. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 526 പോയിന്റുമായി തൃശൂരാണ് ഒന്നാമത്. ഹൈസ്‌കൂള്‍ അറബിക് കലോത്സവത്തില്‍ കണ്ണൂര്‍, കോഴിക്കോട്, എറണാകുളം എന്നീ ജില്ലകള്‍ 95 പോയിന്റുമായി ഒന്നാം സ്ഥാനം പങ്കിട്ടു. അതേസമയം ഹൈസ്‌കൂള്‍ വിഭാഗം സംസ്‌കൃത കലോത്സവത്തില്‍ കാസര്‍ഗോഡും മലപ്പുറവും പാലക്കാടും 95 പോയിന്റുമായി ഒന്നാമതെത്തി.

സ്‌കൂളുകളില്‍ പാലക്കാട് ജില്ലയിലെ ആലത്തൂര്‍ ബിഎസ്എസ് ഗുരുകുലം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 171 പോയിന്റുമായി ഒന്നാമതും, തിരുവനന്തപുരം വഴുതക്കാട് കാര്‍മല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ 116 പോയിന്റുമായി രണ്ടാം സ്ഥാനത്തുമെത്തി. 106 പോയിന്റുമായി മാനന്തവാടി എംജിഎം ഹയര്‍ സെക്കന്ററി സ്‌കൂളാണ് മൂന്നാമത്.