Travel

ട്രെയിന്‍ ടിക്കറ്റ് കാന്‍സലായി… പൈസ എന്തെങ്കിലും തിരിച്ചുകിട്ടുമോ?

ക്യൂവിൽ നിന്ന് ട്രെയിൻ ടിക്കറ്റ് എടുത്ത് മുഷിയുന്ന കഷ്ടപ്പാട് ഓർത്ത് ഇന്ന് പലരും ഓൺലൈനായാണ് ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാറുള്ളത്. ഒരുവിധത്തിൽ പറഞ്ഞാൽ അതാണ് എളുപ്പവും. ഫൈനല്‍ ചാര്‍ട്ട് തയ്യാറായി കഴിഞ്ഞാൽ പിന്നെ ടിക്കറ്റിൽ യാതൊരു മാറ്റവും ഉണ്ടാകാൻ സാധ്യതയില്ല. എന്നാൽ വെയിറ്റിങ് ലിസ്റ്റിലുള്ള ഓണ്‍ലൈന്‍ ട്രെയിന്‍ ടിക്കറ്റുകള്‍ റദ്ധാക്കിയാൽ പിന്നെ എന്ത് സംഭവിക്കും. ഇനി ഒരുപക്ഷേ മറ്റേതെങ്കിലും കാരണം കൊണ്ട് ട്രെയിന്‍ ടിക്കറ്റുകള്‍ കാന്‍സൽ ചെയ്താലോ… അടച്ച പൈസ തിരകേ കിട്ടുമോ? അതോ പണം ​’ഗോപി’യാകുമോ എന്ന് അറിയണ്ടേ?

ബുക്ക് ചെയ്ത ട്രെയിന്‍ ടിക്കറ്റുകൾ കാന്‍സല്‍ ചെയ്താല്‍ തിരികെ പണം ലഭിക്കുക പ്രധാനമായും രണ്ട് കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ്. ഒന്ന് യാത്ര തുടങ്ങുന്നതിന് എത്ര സമയം മുന്‍പാണ് ടിക്കറ്റ് കാന്‍സല്‍ ചെയ്യുന്നത് എന്നതാണ്. മറ്റൊന്ന് ഏത് ക്ലാസിലാണ് ടിക്കറ്റ് എടുത്തിരിക്കുന്നത് എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ്. പ്രധാനമായും ചാർട്ട് തയ്യാറാക്കുന്നതിന് മുൻപ് തന്നെ ടിക്കറ്റ് ക്യാൻസൽ ചെയ്യാൻ ശ്രമിക്കണം. കണ്‍ഫേം ടിക്കറ്റ് കൈവശം ഉണ്ടെങ്കിൽ പോലും യാത്ര തുടങ്ങുന്നതിനു 4 മണിക്കൂര്‍ മുമ്പെങ്കിലും കാന്‍സല്‍ ചെയ്തില്ലെങ്കില്‍ ഒരു രൂപ പോലും തിരിച്ചു കിട്ടില്ല.

ട്രെയിൻ യാത്ര ആരംഭിക്കുന്ന സമയത്തിന് 48 മണിക്കൂർ മുമ്പ് ടിക്കറ്റ് ക്യാൻസൽ ചെയ്യുകയാണെങ്കിൽ ടിക്കറ്റിനോടൊപ്പം നമ്മൾ അടച്ച ക്യാൻസലേഷൻ ഫീസ് റെയിൽവേ ഈടാക്കുകയും ബാക്കി ടിക്കറ്റിന് ഈടായ തുക റിഫൻഡ് ആകുകയുമാണ് ചെയ്യാറുള്ളത്. എസി ഫസ്റ്റ് ക്ലാസിന് 240 രൂപയും എസി സെക്കന്റ് ക്ലാസിന് 200 രൂപയും എസി മൂന്നാം ക്ലാസിനും 3 ഇക്കോണമിക്കും എസി ചെയര്‍ കാറിനും 180 രൂപയും സ്ലീപ്പര്‍ ടിക്കറ്റിന് 120 രൂപയും സെക്കൻഡ് ക്ലാസിന് 60 രൂപയുമാണ് കാന്‍സലേഷന്‍ ഫീസായി ഈടാക്കുക.

ഇനി ട്രെയിന്‍ പുറപ്പെടുന്നതിന് 48 മണിക്കൂറിനും 12 മണിക്കൂറിനും ഇടയിലാണ് ടിക്കറ്റ് കാന്‍സല്‍ ചെയ്യുന്നതെങ്കില്‍ കാന്‍സലേഷന്‍ ചാര്‍ജിനൊപ്പം ടിക്കറ്റ് നിരക്കിന്റെ 25 ശതമാനവും കൂടി റെയില്‍വേ ഈടാക്കും. 12 മണിക്കൂറിനും നാലു മണിക്കൂറിനും മുമ്പാണെങ്കില്‍ പകുതി ടിക്കറ്റ് നിരക്ക് റെയില്‍വേ പിടിക്കും. ഒപ്പം യാത്ര ചെയ്യുന്ന ക്ലാസിന് അനുസരിച്ചുള്ള കാന്‍സലേഷന്‍ ചാര്‍ജും ഈടാക്കും.

യാത്രക്കാരില്‍ നിന്നും കാന്‍സലേഷന്‍ ചാര്‍ജ് ഈടാക്കുന്നതു പോലെ റെയില്‍വേ ട്രെയിന്‍ കാന്‍സല്‍ ചെയ്താല്‍ അധികമായി കാന്‍സലേഷന്‍ ചാര്‍ജ് യാത്രികര്‍ക്കു നല്‍കുമോ എന്നും പലർക്കും സംശയമുണ്ട്. നിലവില്‍ റെയില്‍വേ പല കാരണങ്ങളാല്‍ ട്രെയിന്‍ കാന്‍സല്‍ ചെയ്താല്‍, ബുക്ക് ചെയ്ത ടിക്കറ്റ് നിരക്ക് തിരികെ ലഭിക്കും. 3 മണിക്കൂറിലധികം ട്രെയിൻ താമസിക്കുക, യാത്രക്കാരൻ അതിൽ സഞ്ചരിക്കാതിരിക്കുകയും ചെയ്താൽ യാത്രക്കാർക്ക് ടിഡിആർ അപേക്ഷ നല്‍കണം, ടിക്കറ്റിന്റെ മുഴുവൻ തുകയും തിരിച്ചു ലഭിക്കും. ടിക്കറ്റ് കൗണ്ടറില്‍ നിന്ന് നേരിട്ടെടുത്ത ടിക്കറ്റുകളാണെങ്കില്‍ ടിക്കറ്റ് കൗണ്ടറുകള്‍ വഴിയും പണം തിരികെ ലഭിക്കും.