Entertainment

ഹണി റോസ് ചിത്രം റേച്ചലിന്റെ റിലീസ് തീയതി മാറ്റിയതായി അണിയറ പ്രവര്‍ത്തകര്‍

ഹണി റോസിന്റെ ഏറ്റവും പുതിയ ചിത്രം റേച്ചലിന്റെ റിലീസ് തീയതി മാറ്റിയതായി അണിയറ പ്രവര്‍ത്തകര്‍. നിര്‍മാതാവായ എന്‍ എം ബാദുഷയാണ് സമൂഹമാധ്യമങ്ങളിലൂടെ ഈ വിവരം അറിയിച്ചത്. ഹണി റോസുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് സിനിമയുമായി ബന്ധമില്ലെന്നും എൻ എം ബാദുഷ പറഞ്ഞു.

സിനിമയുടെ ടെക്‌നിക്കല്‍ വര്‍ക്കുകള്‍ പൂര്‍ത്തിയാക്കാനുണ്ടെന്നും സെന്‍സറിങ്ങിന് സമര്‍പ്പിച്ചിട്ടില്ലെന്നും ബാദുഷ പറയുന്നു. ഹണി റോസിന്റെ വ്യക്തിജീവിതവുമായ ബന്ധപ്പെട്ട വിഷയങ്ങളും സിനിമയുടെ റിലീസും തമ്മില്‍ ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ജനുവരി 10ന് ചിത്രം റിലീസ് ചെയ്യുമെന്നായിരുന്നു അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നത്. ഇതുമായി ബന്ധപ്പെട്ട പോസ്റ്ററുകളും പുറത്തുവന്നിരുന്നു.

‘റേച്ചലിന്റെ ടെക്‌നിക്കല്‍ വര്‍ക്കുകള്‍ ഇനിയും പൂര്‍ത്തിയായിട്ടില്ല. സെന്‍സറിങ് നടക്കുകയോ സെന്‍സര്‍ഷിപ്പിന് സമര്‍പ്പിക്കുകയോ ചെയ്തിട്ടില്ല. റിലീസിന് 15 ദിവസം മുന്‍പെങ്കിലും സെന്‍സര്‍ഷിപ്പിന് സമര്‍പ്പിക്കണമെന്നാണ് നിലവിലെ നിയമം. ഹണി റോസുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടക്കുന്ന വിവാദങ്ങള്‍ അവരുടെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ടതാണ്. സിനിമയുടെ റിലീസുമായി അതിന് യാതൊരു ബന്ധവുമില്ല. സിനിമയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഞങ്ങള്‍ വരും ദിവസങ്ങളില്‍ അറിയിക്കും,’ എന്‍ എം ബാദുഷയുടെ പോസ്റ്റില്‍ പറയുന്നു.

ലൈംഗികച്ചുവയുള്ള കമന്റുകളും ദ്വയാര്‍ത്ഥ പ്രയോഗങ്ങളും നടത്തിയ ബോബി ചെമ്മണൂര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ഹണി റോസ് രംഗത്തുവന്നതും പരാതി നല്‍കിയതും തുടര്‍ന്നുണ്ടായ സംഭവങ്ങളുമെല്ലാം പബ്ലിസിറ്റി സ്റ്റണ്ടാണെന്ന നിലയില്‍ ചില ആരോപണങ്ങളുയര്‍ന്നിരുന്നു. ഇതിനിടെയാണ് റേച്ചലിന്റെ നിര്‍മാതാവിന്റെ വിശദീകരണം എത്തിയിരിക്കുന്നത്.

ഇറച്ചിവെട്ടുകാരിയായ റേച്ചല്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ഹണി റോസ് അവതരിപ്പിക്കുന്നത്. റിയലിസ്റ്റിക് സിനിമകളൊരുക്കുന്ന എബ്രിഡിന്റെ പരീക്ഷണ സ്വഭാവമുള്ള സിനിമയാകും റേച്ചലെന്ന് ഹണി റോസ് നേരത്തെ പറഞ്ഞിരുന്നു. ആനന്ദിനി ബാല സംവിധാനം ചെയ്യുന്ന റേച്ചലിന്റെ കഥയെഴുതിയിരിക്കുന്നത് രാഹുല്‍ മണപ്പാട്ട് ആണ്.

രാഹുലും സംവിധായകന്‍ എബ്രിഡ് ഷൈനും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. എബ്രിഡ് ഷൈന്‍ ചിത്രത്തിന്റെ സഹനിര്‍മാതാവ് കൂടിയാണ്. ബാദുഷ എന്‍ എം, രാജന്‍ ചിറയില്‍ എന്നിവരാണ് മറ്റ് നിര്‍മാതാക്കള്‍. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നീ ഭാഷകളിലും റേച്ചല്‍ എത്തുന്നുണ്ട്.