എക്സില്‍ പങ്കുവച്ച വംശീയ പോസ്റ്റിനെ തുടര്‍ന്ന് ഹാന്‍ എന്ന യുഎസ് യുവതിക്ക് ജോലി നഷ്ടമായി. പിസ ഓര്‍ഡര്‍ ചെയ്ത് കാത്തിരിക്കുന്നതിനിടയില്‍ യുവതിയും സുഹൃത്തും പങ്കുവച്ച ചിത്രങ്ങളും അതിന് നല്കിയ അടിക്കുറിപ്പുമാണ് വിനയായത്. രണ്ടു സെല്‍ഫികളില്‍ ഒന്ന് പുഞ്ചിരിക്കുന്ന മുഖവും മറ്റൊന്ന് അത്ര സന്തോഷത്തോടെ അല്ലാത്തതുമായിരുന്നു. നിങ്ങളുടെ ഊബര്‍ കാര്‍ വന്നുകൊണ്ടിരിക്കുകയാണെന്ന് അറിയുമ്പോഴും ഡ്രൈവര്‍ ഇന്ത്യനാണെന്ന് അറിയുമ്പോഴും ഉള്ള ഭാവം എന്ന രീതിയിലായിരുന്നു ചിത്രത്തിന്റെ അടിക്കുറിപ്പ്. ഇതോടെ പോസ്റ്റിലൂടെ യുവതി വംശീയ പരാമര്‍ശം നടത്തിയെന്ന് ചൂണ്ടിക്കാട്ടി നിരവധി പേര് വിമര്‍ശനവുമായി രംഗത്തെത്തി.
തമാശയാണെന്ന് യുവതി വിശദീകരിക്കാന്‍ ശ്രമിച്ചുവെങ്കിലും ആ തമാശയോട് യോജിക്കാന്‍ ഇന്റര്‍നെറ്റ് ലോകത്തിന് കഴിഞ്ഞില്ല. ചുരുങ്ങിയ സമയത്തിനുളളില്‍ ഹാന്‍ വലിയ വിമര്‍ശനമാണ് നേരിട്ടത്. പത്തുലക്ഷത്തിലധികം പേര് കണ്ട പോസ്റ്റിന് നൂറുകണക്കിന് കമന്റുകളും ലഭിച്ചു. പോസ്റ്റിന്റെ പേരില്‍ തന്നെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതായി അവകാശപ്പെട്ട് ഹാന്‍ തന്നെയാണ് പിന്നീട് രംഗത്തുവന്നത്. ജോലി പോയെന്നുമാത്രമല്ല കുടുംബത്തിനുനേരെയും ഉപദ്രവം ഉണ്ടായെന്നും യുവതി ആരോപിക്കുന്നു.
ട്വീറ്റുകള്‍ മൂലം ജോലി നഷ്ടപ്പെടുന്നവര്‍ക്ക് സഹായം നല്‍കുമെന്ന ഇലോണ്‍ മസ്കിന്റെ വാഗ്ദാനം ചൂണ്ടിക്കാട്ടി യുവതിയോട് എക്സിനെ സമീപിക്കാന്‍ നിര്‍ദേശിച്ചവരും കുറവല്ല.
Add Comment