കീവ്: സ്ഥാനമൊഴിയുന്ന അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനോട് നന്ദി പറഞ്ഞ് യുക്രെയ്ൻ പ്രസിഡന്റ് വ്ളാഡിമിർ സെലൻസ്കി. വെള്ളിയാഴ്ച്ച ഇരുനേതാക്കളും ഫോണിൽ സംസാരിച്ചു. റഷ്യക്ക് എതിരെ പോരാടാൻ അചഞ്ചലമായ പിന്തുണ നൽകിയതിന് സെലെൻസ്കി നന്ദി അറിയിച്ചു. ഒപ്പം, അന്താരാഷ്ട്ര സമൂഹത്തെ ഒന്നിപ്പിക്കുന്നതിൽ അമേരിക്കയുടെ പങ്ക് സുപ്രധാനമാണെന്നും സെലെൻസ്കി പറഞ്ഞു. കാലിഫോർണിയയിലുണ്ടായ കാട്ടുതീ അപകടത്തിൽ അനുശോചനവും അറിയിച്ചു. 2024 ഡിസംബറിൽ 6 ബില്യൺ ഡോളർ പുതിയ സൈനിക, ബജറ്റ് സഹായം ബൈഡൻ ഭരണകൂടം യുക്രെയ്ന് വേണ്ടി പ്രഖ്യാപിച്ചിരുന്നു. റഷ്യയുടെ ഊർജ മേഖലയെ ലക്ഷ്യമിട്ടുള്ള പുതിയ ഉപരോധങ്ങളിലും ഇരു നേതാക്കളും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. റഷ്യയുടെ മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ നിന്ന് സാധാരണക്കാരെ സംരക്ഷിക്കുന്നതിനായി യുക്രെയ്ൻ്റെ വ്യോമ പ്രതിരോധം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും ഇരു നേതാക്കളും ഫോണിൽ ചർച്ച ചെയ്തു.
അതേ സമയം, ജനുവരി 15ന് അമേരിക്കൻ സമയം രാത്രി 8 മണിക്ക് ബൈഡൻ വിടവാങ്ങൽ പ്രസംഗം നടത്തുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ഡോണാൾഡ് ട്രംപ് അധികാരത്തിൽ തിരിച്ചെത്തുന്നതിന് അഞ്ച് ദിവസം മുൻപാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ വിടവാങ്ങൽ പ്രസംഗം. ജനുവരി 20ന് ട്രംപ് പ്രസിഡന്റായി അധികാരമേൽക്കും. അമേരിക്കയുടെ ഭാവിയെ കുറിച്ചുള്ള സന്ദേശം ബൈഡന്റെ വിടവാങ്ങൽ പ്രസംഗത്തിലുണ്ടാവുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഒപ്പം ബൈഡൻ ഭരണകാലയളവിലെ അഭിമാനകരമായ നേട്ടങ്ങളും പരാമർശിക്കും. അധികാരത്തിലേറിയാൽ 24 മണിക്കൂറിനുള്ളിൽ റഷ്യ–യുക്രെയ്ൻ സംഘർഷം പരിഹരിക്കുമെന്നാണ് ട്രംപിന്റെ വാഗ്ദാനം. ജനുവരി 20 ന് ട്രംപ് അധികാരമേൽക്കുമ്പോൾ യുക്രെയ്നുള്ള യുഎസ് പിന്തുണ കുറയ്ക്കുമെന്ന ആശങ്കകളും നിലനിൽക്കുന്നുണ്ട്
Add Comment