Politics

പി വി അൻവർ എംഎല്‍എയെ യുഡിഎഫില്‍ എടുക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: തൃണമൂല്‍ കോണ്‍ഗ്രസിന് കെെകൊടുത്ത പി വി അൻവർ എംഎല്‍എയെ യുഡിഎഫില്‍ എടുക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്ന് രമേശ് ചെന്നിത്തല. അത് ചർച്ച ചെയ്ത്‌ തീരുമാനിക്കുമെന്നും രമേശ് ചെന്നിത്തല അറിയിച്ചു. അൻവർ തൃണമൂൽ കോൺഗ്രസിൽ ചേർന്നതിനെ പറ്റി ചോദിച്ചപ്പോൾ പി വി അൻവറിന് തൃണമൂൽ കോൺഗ്രസിൽ ചേരുന്നതിന് പൂർണ സ്വാതന്ത്ര്യമുണ്ടെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം. യുഡിഎഫ് മുന്നണിയിൽ അൻവറിനെ എടുക്കണമെങ്കിൽ ആദ്യം അദ്ദേഹം യുഡിഎഫ് നേതൃത്വത്തെ സമീപിക്കണമെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.

അതേ സമയം, പി വി അന്‍വറിന്റെ യുഡിഎഫ് മുന്നണി സാധ്യതകളെ തള്ളി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ രംഗത്തെത്തി. തൃണമൂല്‍ കോണ്‍ഗ്രസുമായി സഖ്യം ഉണ്ടാക്കാന്‍ ബുദ്ധിമുട്ടുണ്ട്. അധ്യക്ഷ മമതാ ബാനര്‍ജി കോണ്‍ഗ്രസിന് എതിരാണ്. രാഹുല്‍ ഗാന്ധിക്ക് എതിരെ നിലപാട് സ്വീകരിക്കുന്ന വ്യക്തിയാണ്. തൃണമൂല്‍ കോണ്‍ഗ്രസ് കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്ക് ദഹിക്കില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു.

‘മമത ബാനര്‍ജി ഇന്‍ഡ്യ സഖ്യത്തില്‍ അംഗമാണെങ്കിലും അവരുടെ എല്ലാ പ്രവര്‍ത്തിയും കോണ്‍ഗ്രസിന് എതിരാണ്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തെ മമത ചോദ്യം ചെയ്യാറുണ്ട്. അവര്‍ കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയെ ബിജെപിയുമായി ചേര്‍ന്ന് തോല്‍പ്പിച്ചതാണ്. കേരളത്തില്‍ അവരുമായി യോജിക്കാന്‍ കഴിയില്ല. അഖിലേന്ത്യാ നേതൃത്വമാണ് അവസാന തീരുമാനം എടുക്കുക. ഓരോരുത്തര്‍ക്കും സ്വന്തം നിലക്ക് തീരുമാനം എടുക്കാനുള്ള അവകാശമുണ്ട്. അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസ്സില്‍ പോയതോടെ അന്‍വറിന്റെ വിഷയമില്ല’, എന്നായിരുന്നു മുരളീധരന്റെ പ്രതികരണം.