Kerala

വാളയാറിലെ സഹോദരിമാരുടെ ദുരൂഹ മരണത്തില്‍ മാതാപിതാക്കളെ പ്രതി ചേര്‍ത്ത സിബിഐ നടപടിയില്‍ പ്രതിഷേധം ഉയരുന്നു

പാലക്കാട്: വാളയാറിലെ സഹോദരിമാരുടെ ദുരൂഹ മരണത്തില്‍ മാതാപിതാക്കളെ പ്രതി ചേര്‍ത്ത സിബിഐ നടപടിയില്‍ പ്രതിഷേധം ഉയരുന്നു. മരിച്ച മൂത്ത പെണ്‍കുട്ടിയുടെ ഓര്‍മ്മ ദിവസമായ 13 ന് അട്ടപ്പളത്ത് കുടുംബത്തിന്റെയും വാളയാര്‍ നീതി സമരസമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധം നടക്കും. ഈ മാസം 25നു വാളയാറില്‍ നിന്നു കളക്ട്രേറ്റിലേക്ക് കാല്‍ നടയായി നാഷണല്‍ ജനതാദള്‍ ‘നീതിയാത്ര’ എന്ന പേരില്‍ പ്രതിഷേധം സംഘടിപ്പിക്കും.

അന്വേഷണത്തിലെ വീഴ്ച മറയ്ക്കാനാണ് സിബിഐ മാതാപിതാക്കള്‍ക്കെതിരെ കേസെടുത്തതെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. കഴിഞ്ഞദിവസമാണ് വാളയാര്‍ കേസില്‍ അച്ഛനെയും അമ്മയെയും പ്രതി ചേര്‍ത്ത് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. ബലാത്സംഗ പ്രേരണാകുറ്റമാണ് മാതാപിതാക്കള്‍ക്കെതിരെ ചുമത്തിയത്. പോക്സോ, ഐപിസി നിയമങ്ങള്‍ അനുസരിച്ചാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തിട്ടുള്ളത്. എറണാകുളം സിബിഐ കോടതിയിലാണ് കുറ്റപത്രം നല്‍കിയത്.

2017 ജനുവരി ഏഴിനാണ് അട്ടപ്പള്ളത്തെ വീട്ടില്‍ 13 വയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 2017 മാര്‍ച്ച് നാലിന് ഇതേ വീട്ടില്‍ സഹോദരിയായ ഒമ്പത് വയസ്സുകാരിയെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 2017 മാര്‍ച്ച് ആറിന് പാലക്കാട് എ എസ് പി ജി പൂങ്കുഴലിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു.

2017 മാര്‍ച്ച് 12 ന് മരിച്ച കുട്ടികള്‍ പീഡനത്തിനിരയായെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നെങ്കിലും 2019 ജൂണ്‍ 22 ന് സഹോദരിമാരുടെ മരണം ആത്മഹത്യയെന്ന് രേഖപ്പെടുത്തി പൊലീസ് കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു. 2019 ഒക്ടോബര്‍ ഒമ്പതിനാണ് കേസിലെ ആദ്യ വിധി വന്നത്. മൂന്നാം പ്രതിയായി ചേര്‍ത്തല സ്വദേശി പ്രദീപ് കുമാറിനെ തെളിവുകളുടെ അഭാവത്തില്‍ വെറുതെവിട്ടു. 2019 ഒക്ടോബര്‍ 25ന് പ്രതികളായ വി മധു, എം മധു, ഷിബു എന്നിവരേയും കോടതി വെറുതെ വിട്ടിരുന്നു.