India

ഐഎസ്ആർഒയുടെ സ്പാഡെക്സ് ദൗത്യം അവസാനഘട്ടത്തിൽ

ന്യൂഡൽഹി: ഡോക്കിങ് സാങ്കേതികവിദ്യ സ്വായത്തമാക്കാനുളള ഇന്ത്യയുടെ സ്വപ്ന ദൗത്യമായ സ്പാഡെക്സ് ദൗത്യം അവസാനഘട്ടത്തിൽ. ഉപഗ്രഹങ്ങൾ തമ്മിലുള്ള അകലം കുറച്ചു. ഇപ്പോൾ 15 മീറ്റർ മാത്രമാണ് അകലമുളളത്. നേരത്തെ ഇത് മൂന്ന് മീറ്ററിലേയ്ക്ക് വന്നിരുന്നു. ഇപ്പോൾ ഉപഗ്രഹങ്ങൾ സുരക്ഷിതമായ അകലത്തിലാണെന്നും ഡാറ്റകൾ പരിശോധിച്ചതിന് ശേഷം ഡോക്കിങ്ങ് പ്രക്രിയ തുടരുമെന്നാണ് ഐഎസ്ആർഒ നൽകുന്ന വിവരം. പുതിയ വിവരങ്ങൾക്കായി കാത്തിരിക്കാനും ഐഎസ്ആർഒ വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ രണ്ടുതവണയും അകലം കുറയ്ക്കുന്നതിനിടെ വേഗത കൂടുകയും ഉപഗ്രഹങ്ങളിലെ ഓട്ടോമാറ്റിക് ഓബോര്‍ട്ട് പ്രോഗ്രാമുകള്‍ പ്രവര്‍ത്തിക്കുകയും ചെയ്തതിനെ തുടര്‍ന്ന് ദൗത്യം മാറ്റിവച്ചിരുന്നു. വിക്ഷേപണ സമയത്ത് 30 കിലോമീറ്റർ ദൂര പരിധി ഉണ്ടായിരുന്ന പേടകങ്ങൾ ആദ്യം 225 മീറ്റർ അടുത്തെത്തിയിരുന്നു. പിന്നീട് 6.8 കിലോമീറ്റർ വരെ അകലത്തിലേക്ക് പ്രവേഗം നിയന്ത്രിച്ച് ഡോക്കിങ്ങിന്റെ ദൂരപരിധിയായ മൂന്ന് മീറ്റർ അകലത്തിൽ പേടകങ്ങളെ നിർത്താനായുള്ള ശ്രമങ്ങളും വിഫലമായിരുന്നു.

ചന്ദ്രയാൻ ഉൾപ്പടെയുള്ള ഗ്രഹാന്തര ദൗത്യങ്ങൾക്കും ഇന്ത്യയുടെ ബഹിരാകാശ നിലയം രൂപകൽപന ചെയ്യുന്നതിലും നിർണായകമാണ് ഡോക്കിങ് സാങ്കേതിക വിദ്യ. കഴിഞ്ഞ ഡിസംബർ 30 ന് ആയിരുന്നു സ്പാഡെക്സ് പേടകങ്ങൾ ഐഎസ്ആർഒ വിക്ഷേപിച്ചത്. രണ്ട് വ്യത്യസ്ത ഉപഗ്രഹങ്ങളെ ഭൂമിയുടെ ഭ്രമണപഥത്തില്‍ വെച്ച് കൂട്ടിയോജിപ്പിക്കുന്ന ഐഎസ്ആർഒയുടെ നിര്‍ണായക ദൗ‌ത്യമാണ് ‘സ്പാഡെക്സ്. ദൗത്യം വിജയിച്ചാൽ ഇന്ത്യ ഡോക്കിങ് സാങ്കേതിക വിദ്യ സ്വന്തമാക്കുന്ന നാലാമത്തെ രാജ്യമാകും. സോവിയറ്റ് യൂണിയൻ, അമേരിക്ക, ചൈന എന്നീ രാജ്യങ്ങളാണ് വിജയിച്ച മറ്റ് മൂന്ന് രാജ്യങ്ങൾ.