Sports

ജസ്പ്രീത് ബുംമ്ര ചാമ്പ്യന്‍സ് ട്രോഫി ഗ്രൂപ്പ് മത്സരങ്ങള്‍ കളിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍

ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി. ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംമ്ര ചാമ്പ്യന്‍സ് ട്രോഫി ഗ്രൂപ്പ് മത്സരങ്ങള്‍ കളിച്ചേക്കില്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഓസ്‌ട്രേലിയയ്‌ക്കെതിരായ അവസാന ടെസ്റ്റിനിടെയുണ്ടായ പുറംവേദന കാരണം ബുംമ്രയ്ക്ക് വിശ്രമം നല്‍കിയേക്കുമെന്നാണ് സൂചന. വിദഗ്ധ പരിശോധനയ്ക്ക് ശേഷമായിരിക്കും താരത്തിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക.

പുറംവേദനയെ തുടര്‍ന്ന് ബുംമ്ര നിലവില്‍ ചികിത്സയിലാണ്. ഇന്ത്യന്‍ ടീമിന്റെ മെഡിക്കല്‍ യൂണിറ്റ് അദ്ദേഹത്തിനെ പരിശോധിക്കുകയാണ്. ശക്തമായ പുറം വേദന തുടര്‍ന്നാല്‍ ബുംമ്രയ്ക്ക് ടൂര്‍ണമെന്റ് തന്നെ നഷ്ടമായേക്കും. വരും ദിവസങ്ങളില്‍ താരത്തിന്റെ പരിക്കിനെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായേക്കും.

ബോർഡർ ഗവാസ്കർ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിനിടെയാണ് താരത്തിന് പരിക്കേല്‍ക്കുന്നത്. സിഡ്‌നി ടെസ്റ്റിന്റെ അവസാന ദിനം കഠിനമായ നടുവേദന കാരണം ഇന്ത്യയുടെ സ്റ്റാന്‍ഡ് ഇന്‍ ക്യാപ്റ്റനായ ബുംമ്രയ്ക്ക് പൂര്‍ണമായും വിട്ടുനില്‍ക്കേണ്ടി വന്നിരുന്നു. സിഡ്നി ടെസ്റ്റില്‍ 10 ഓവര്‍ മാത്രമെറിഞ്ഞ് പരിക്കേറ്റ് മടങ്ങിയെങ്കിലും അഞ്ച് മത്സരങ്ങളില്‍ നിന്ന് 32 വിക്കറ്റുകളാണ് ബുംമ്ര പിഴുതത്. ബാേര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ തോറ്റെങ്കിലും ഓസ്‌ട്രേലിയക്കെതിരെ മിന്നുന്ന പ്രകടനം പുറത്തെടുത്ത പേസര്‍ ജസ്പ്രിത് ബുംമ്ര പരമ്പരയിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

പരിക്ക് തിരിച്ചടിയായതോടെ ചാമ്പ്യൻസ് ട്രോഫിയിൽ പാകിസ്താനെതിരെ ഉള്ള മത്സരവും ബുംമ്രയ്ക്ക് നഷ്ടമായേക്കുമെന്ന് വ്യക്തമായി. ഇന്ത്യയെ സംബന്ധിച്ചിടത്തോളം താരത്തിന്റെ വിടവ് ടൂർണമെന്റിൽ ഉടനീളം വളരെ വലിയ തിരിച്ചടിയാണ്. പല ഇന്ത്യൻ‌ താരങ്ങളും മോശം പ്രകടനം പുറത്തെടുക്കുന്ന സാഹചര്യത്തിൽ ​ബുംമ്ര ഗംഭീര പ്രകടനം പുറത്തെടുക്കുന്ന താരമാണ്. ബുംമ്രയുടെ കാര്യത്തിലെ അനിശ്ചിതത്വം ആരാധകരുടെ ആശങ്കയും വർധിപ്പിച്ചു.

2025 ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 10 വരെയാണ് ഐസിസി ചാമ്പ്യന്‍സ് ട്രോഫി നടക്കുക. കറാച്ചിയില്‍ വെച്ച് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ പാകിസ്താന്‍ ന്യൂസിലാന്‍ഡിനെ നേരിടും. രണ്ടാം മത്സരത്തില്‍ ബംഗ്ലാദേശ് ഇന്ത്യയെ നേരിടും.

Featured