Tech

യൂട്യൂബ് പ്രീമിയം രണ്ട് വർഷത്തേക്ക് സൗജന്യം; ഓഫറുമായി ജിയോ

യൂട്യൂബ് ഉപയോഗിക്കാത്തവരായി വളരെ അപൂർവം ആളുകളേ ഉള്ളു. ഇന്റർനെറ്റ് ഉപയോഗിക്കുന്നവരിൽ ഭൂരിഭാഗവും ഒരു തവണയെങ്കിലും യൂട്യൂബ് ഉപയോഗിച്ചിട്ടുണ്ടാവും. പലപ്പോഴും യൂട്യൂബിലെ പരസ്യം കാഴ്ച്ചക്കാരനെ അലോസരപ്പെടുത്താറുണ്ട്. അത്തരക്കാർക്കായിട്ടാണ് യൂട്യൂബ് അതിന്റെ പ്രീമിയം സർവീസ് തുടങ്ങിയത്. പണം കൊടുത്ത് യൂട്യൂബ് പ്രീമിയം സബ്‌സ്‌ക്രൈബ് ചെയ്യുവർക്ക് അൺലിമിറ്റഡ് വീഡിയോ- ഓഡിയോ പ്ലേബാക്ക് പരസ്യമില്ലാതെ ലഭിക്കും.

എന്നാൽ മാസത്തിൽ നിശ്ചിത തുക ഇതിനായി നൽകണം. ഇപ്പോഴിതാ തങ്ങളുടെ ഉപഭോക്താക്കൾക്ക് സൗജന്യമായി യൂട്യൂബ് പ്രീമിയം വാഗ്ദാനം ചെയ്തിരിക്കുകയാണ് ജിയോ. ജിയോയുടെ JioFiber, AirFiber പോസ്റ്റ്‌പെയ്ഡ് പ്ലാനുകൾക്കൊപ്പമാണ് രണ്ട് വർഷക്കാലത്തേക്ക് യൂട്യൂബ് പ്രീമിയം ജിയോ വാഗ്ദാനം ചെയ്യുന്നത്.

വീഡിയോകൾ പോഡ്കാസ്റ്റായി കേൾക്കാനും യൂട്യൂബ് മ്യൂസിക് ആസ്വദിക്കാനും ഈ പ്രീമിയം പാക്കേജിലൂടെ സാധിക്കും. ഇതിന് പുറമെ വീഡിയോകൾ ഡൗൺലോഡ് ചെയ്യാനും ഓഫ്ലൈനായി കാണാനും യൂട്യൂബ് പ്രീമിയത്തിൽ സാധിക്കും.

888, 1199, 1499, 2499, 3499 എന്നിങ്ങനെയാണ് ജിയോ വാഗ്ദാനം ചെയ്യുന്ന പാക്കേജുകൾ. ഈ പാക്കേജുകളിൽ ഏത് എടുത്താലും അതിൽ എല്ലാം യൂട്യൂബ് പ്രീമീയം രണ്ട് വർഷത്തേക്ക് ലഭിക്കും. നിലവിൽ ഇന്ത്യയിൽ യൂട്യൂബ് പ്രീമിയം ഒരുമാസത്തേക്ക് നൂറ് രൂപയിലധികമാണ് ഈടാക്കുന്നത്. പ്രതിമാസ സ്റ്റുഡന്റ് പ്ലാനിന് 89 രൂപയും വ്യക്തിഗത പ്ലാനിന് 149 രൂപയും ഫാമിലി പ്ലാനിന് 299 രൂപയുമാണ് യൂട്യൂബ് ഈടാക്കുന്നത്.