ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യപരിശീലകന്‍ ഗൗതം ഗംഭീറിനെ വിമര്‍ശിച്ച സംഭവത്തില്‍ വിശദീകരണവുമായി മുന്‍ താരം മനോജ് തിവാരി. ഗംഭീര്‍ കാപട്യക്കാരനാണെന്നും പറഞ്ഞ കാര്യങ്ങള്‍ നടപ്പിലാക്കുന്നയാളല്ലെന്നും തിവാരി കുറ്റപ്പെടുത്തിയത് വലിയ വാര്‍ത്തയായിരുന്നു. ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ പരാജയം വഴങ്ങിയതിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയയിലൂടെ ബംഗാള്‍ കായികമന്ത്രി കൂടിയായ മനോജ് തിവാരി ഇന്ത്യന്‍ കോച്ചിനെ രൂക്ഷമായി വിമര്‍ശിച്ചത്.
ഗംഭീറിനെതിരായ ആരോപണങ്ങള്‍ക്ക് പിന്നാലെ ആകാശ് ചോപ്രയടക്കമുള്ള മുന്‍ താരങ്ങള്‍ തിവാരിയെ വിമര്‍ശിച്ചിരുന്നു. തുടർന്നാണ് തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയാണെന്ന് പ്രതികരിച്ച് തിവാരി രംഗത്തെത്തിയിരിക്കുന്നത്. തന്റെ 20 മിനിറ്റുള്ള അഭിമുഖത്തില്‍ ഒരു പ്രത്യേക ഭാഗം മാത്രം എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുകയാണ് ചെയ്തതെന്നും തിവാരി പറഞ്ഞു.
‘എന്റെ കോച്ചിങ് സെന്ററിലായിരുന്നു ഞാന്‍. പരിശീലനം കഴിഞ്ഞ് ഇരിക്കവേയാണ് ചില പ്രാദേശിക മാധ്യമങ്ങള്‍ എന്റെ അഭിമുഖം എടുക്കാന്‍ വേണ്ടിയെത്തിയത്. ഞങ്ങള്‍ ഏകദേശം 20-25 മിനിറ്റ് സംസാരിച്ചു. ഈ മാധ്യമങ്ങള്‍ അഭിമുഖം നടത്തുമ്പോള്‍ അവര്‍ക്ക് ആവശ്യമുള്ളത് എന്താണോ അത് എഡിറ്റ് ചെയ്ത് പുറത്തുവിടാനായിരിക്കും ശ്രമിക്കുക,’ മനോജ് തിവാരി വ്യക്തമാക്കി.
‘ആകാശ് ഭായ് (ആകാശ് ചോപ്ര) പറഞ്ഞത് രണ്ട് കാര്യങ്ങളാണ്. 20 മിനിറ്റ് ദൈര്‍ഘ്യമുള്ള അഭിമുഖം അദ്ദേഹം കണ്ടിട്ടുണ്ടാവില്ലെന്ന് എനിക്ക് നല്ല ഉറപ്പുണ്ട്. എന്റെ അഭിമുഖങ്ങളില്‍ നിന്നുള്ള നാലഞ്ചു വരികള്‍ മാത്രമായിരിക്കും അദ്ദേഹം കണ്ടിട്ടുണ്ടാവുക. അദ്ദേഹത്തിന്റെ തെറ്റിദ്ധാരണ മാറ്റിക്കൊടുക്കേണ്ട ഉത്തരവാദിത്തം എനിക്കുണ്ട്’, തിവാരി പറഞ്ഞു.
‘എനിക്ക് ആകാശിനെ ഇഷ്ടമാണ്. ഞാന്‍ അദ്ദേഹത്തെ ബഹുമാനിക്കുന്നു. സത്യസന്ധമായ അഭിപ്രായങ്ങള്‍ നല്‍കുന്നയാളാണ്. സുനില്‍ ഗാവസ്കറെയും സഞ്ജയ് മഞ്ജരേക്കറെയും പോലെ, ഗൗതം ഗംഭീറിനെ വിമര്‍ശിക്കുന്നതിലൂടെ ഒഴുകുന്ന ഗംഗയില്‍ കൈ കഴുകുകയാണ് മനോജും ചെയ്യുന്നതെന്നും ആകാശ് പറഞ്ഞു. പക്ഷേ അങ്ങനെയൊന്നുമല്ല. ഒഴുകുന്ന ഗംഗയില്‍ എനിക്ക് കൈ കഴുകേണ്ട ആവശ്യമില്ല. എനിക്ക് തോന്നിയ കാര്യങ്ങള്‍ ഞാന്‍ അഭിമുഖത്തില്‍ പറഞ്ഞെന്ന് മാത്രം,’ തിവാരി കൂട്ടിച്ചേർത്തു.
Add Comment