നാഗ്പൂർ : നാഗ്പൂരിൽ കൗൺസിലിങ്ങിൻ്റെ മറവിൽ 15 വർഷത്തിനിടെ 50 പെൺകുട്ടികളെ ബലാത്സംഗം ചെയ്ത മനഃശാസ്ത്രജ്ഞൻ അറസ്റ്റിൽ. 47 വയസ്സുകാരനായ രാജേഷ് ധോകെ എന്ന മനഃശാസ്ത്രജ്ഞനാണ് റെസിഡൻഷ്യൽ ക്യാമ്പുകളിൽ കൗൺസിലിംഗ് നൽകാനെന്ന വ്യാജേന പെൺകുട്ടികളെ പീഡിപ്പിച്ചത്. പെൺകുട്ടികളെ ബലാത്സംഗത്തിനിരയാക്കിയ ശേഷം നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് പ്രതി ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. രണ്ട് കുട്ടികളുടെ പിതാവ് കൂടിയാണ് രാജേഷ് ധോകെ. പോക്സോ, എസ് സി- എസ് ടി നിയമപ്രകാരം രാജേഷിനെതിരെ പൊലീസ് മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഭണ്ഡാര, ഗോണ്ടിയ തുടങ്ങിയ ഗ്രാമപ്രദേശങ്ങളിൽ രാജേഷ് വ്യക്തിത്വ വികസന ക്യാമ്പുകൾ സംഘടിപ്പിച്ചിരുന്നതായി പൊലീസ് പറയുന്നു. ഈ ക്യാമ്പുകളിൽ രാജേഷ് പെൺകുട്ടികളെ ബലാത്സംഗം ചെയ്യുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നു.
പീഡിപ്പിച്ച ശേഷം സ്വകാര്യ ചിത്രങ്ങൾ അനുവാദമില്ലാതെ എടുക്കുകയും, ഇത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയുമായിരുന്നു കുറ്റകൃത്യം പുറംലോകം അറിയാതിരിക്കാൻ പ്രതി നടപ്പിലാക്കിയ തന്ത്രം. പെൺകുട്ടികളുടെ വിവാഹ ശേഷവും ഇയാൾ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുമായിരുന്നു എന്നും പൊലീസ് പറയുന്നു. രാജേഷ് സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. മർദ്ദനമുറകളടക്കം പ്രയോഗിച്ചിട്ടും പ്രതിക്ക് യാതൊരു കുറ്റബോധവുമില്ലെന്നും പൊലീസ് പറയുന്നു. ആവർത്തിച്ചുള്ള ഭീഷണിയിലും, അധിക്ഷേപത്തിലും മടുത്ത പ്രതിയുടെ മുൻ വിദ്യാർത്ഥികളിലൊരാൾ സഹുഡ്കേശ്വർ പോലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് സംഭവം പുറംലോകമറിയുന്നത്. ആരോപണങ്ങളുടെ ഗൗരവം കണക്കിലെടുത്ത് പൊലീസ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. ഇരയായ കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്തും. പ്രതിയിൽ നിന്നും വരുംദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ ശേഖരിക്കാനാണ് പൊലീസിന്റെ നീക്കം.
Add Comment