Sports

രഞ്ജി ട്രോഫി കളിക്കാന്‍ സന്നദ്ധത അറിയിച്ച് റിഷഭ് പന്തും

ആഭ്യന്തര ക്രിക്കറ്റ് കളിക്കുന്നതില്‍ ബിസിസിഐ നിലപാട് കടുപ്പിച്ചതിന് പിന്നാലെ റിഷഭ് പന്തും രഞ്ജി ട്രോഫി കളിക്കാന്‍ സന്നദ്ധത അറിയിച്ചെന്ന് റിപ്പോര്‍ട്ട്. ഡല്‍ഹി ടീമിന് വേണ്ടിയാണ് പന്ത് രഞ്ജിയില്‍ ഇറങ്ങുക. നേരത്തെ രോഹിത് ശര്‍മയും യശസ്വി ജയ്‌സ്വാളും ശുഭ്മന്‍ ഗില്ലും രഞ്ജി മത്സരങ്ങള്‍ കളിക്കാന്‍ സന്നദ്ധത അറിയിച്ചിരുന്നു.

ജനുവരി 23ന് സൗരാഷ്ട്രയ്ക്കെതിരെ രാജ്കോട്ടില്‍ നടക്കുന്ന മത്സരത്തില്‍ പന്ത് ഡല്‍ഹിക്ക് വേണ്ടി കളിക്കാനുണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്. 2017ലാണ് പന്ത് അവസാനമായി രഞ്ജി ട്രോഫിയില്‍ കളിച്ചത്. 2018ല്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ അരങ്ങേറ്റം കുറിച്ചതിന് ശേഷം പന്ത് ടൂര്‍ണമെന്റില്‍ പങ്കെടുത്തിട്ടില്ല.

രഞ്ജി ട്രോഫി സീസണിന്റെ രണ്ടാം ഘട്ടത്തിനുള്ള ഡല്‍ഹിയുടെ സാധ്യതാ ടീം പട്ടികയില്‍ വിരാട് കോഹ്ലിയെയും റിഷഭ് പന്തിനെയും ഉള്‍പ്പെടുത്തി. പന്ത് കളിക്കുമെന്ന് ഉറപ്പായെങ്കിലും കോഹ്ലിയുടെ പങ്കാളിത്തത്തെ കുറിച്ച് ഇതുവരെ സ്ഥിരീകരണം വന്നിട്ടില്ല. 2012ലാണ് കോഹ്ലി അവസാനമായി രഞ്ജി ട്രോഫിയില്‍ കളിച്ചത്.

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര തോല്‍വിക്ക് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാന്‍ തയ്യാറാവണമെന്ന് കോച്ച് ഗൗതം ഗംഭീര്‍ അഭിപ്രായപ്പെട്ടിരുന്നു. ബിസിസിഐയും ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാന്‍ താരങ്ങള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.