തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടുളള പി വി അൻവറിന്റെ ആരോപണങ്ങളോട് മറുപടിയുമായി പിണറായി വിജയൻ. അൻവർ ഇന്ന് പറയുന്ന കാര്യങ്ങൾ അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിന്റെ ഭാഗമായിട്ടാകാം. അതിന് ഇക്കാര്യങ്ങൾ സഹായകരമാവുമെങ്കിൽ അത് നടക്കട്ടെ. ഇതിന് വേണ്ടി തന്നെയും തന്റെ ഓഫീസിനേയും ഉപയോഗിക്കേണ്ട എന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി ഇന്ന് നടത്തിയ വാർത്ത സമ്മേളനത്തിലാണ് പ്രതികരണം.
പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ ആരോപണം ഉന്നയിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപ്പെട്ടുവെന്ന് പി വി അൻവർ ഉന്നയിച്ചിരുന്നു. ആരോപണം ഉന്നയിക്കാൻ തന്റെ ഓഫീസ് ആരെയും ചുതലപ്പെടുത്തിയിട്ടില്ലെന്നും പാർട്ടിയിലെ ഉന്നതർ തനിക്കെതിരെ തിരിഞ്ഞുവെന്നത് മാധ്യമ സൃഷ്ടിയാണെന്നുമാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. പാർട്ടിയിൽ നിന്ന് തനിക്കെതിരെ ഒരു നീക്കവുമുണ്ടായിട്ടില്ലെന്ന് ഉറപ്പിച്ചു പറഞ്ഞ മുഖ്യമന്ത്രി അൻവറുമായി തെറ്റിയ കാര്യത്തിൽ മാധ്യമങ്ങൾ തന്നെ ഗവേഷണം നടത്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
വി ഡി സതീശനോടുളള അൻവറിന്റെ മാപ്പു പറച്ചിൽ അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുമായി ബന്ധപ്പെട്ട കാര്യമാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ‘ അൻവർ മാപ്പ് പറഞ്ഞത് അദ്ദേഹത്തിന് ഉപകാരപ്പെടുന്നുണ്ടാകാം. ധർമ്മടത്ത് ഞാൻ മത്സരിക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ഞാൻ മത്സരിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് അൻവറല്ല. അക്കാര്യത്തിൽ പാർട്ടി ഉചിതമായ തീരുമാനം എടുക്കും. ഞാൻ ഒരു വിലയിരുത്തലിലേക്കും കടക്കുന്നില്ല’ എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയുടെ നിര്‍ദേശ പ്രകാരമാണ് വി ഡി സതീശനെതിരെ നിയമസഭയിൽ അഴിമതി ആരോപണം ഉന്നയിച്ചതെന്ന് നേരത്തെ പി വി അന്‍വര്‍ വെളിപ്പെടുത്തിയിരുന്നു. അന്നത്തെ അഴിമതി ആരോപണം പിന്‍വലിച്ച് പി വി അൻവർ വി ഡി സതീശനോട് ക്ഷമ ചോദിച്ചിരുന്നു. എംഎല്‍എ സ്ഥാനം രാജിവെച്ചതിന് ശേഷമായിരുന്നു അൻവറിന്റെ വെളിപ്പെടുത്തൽ.
‘പാപഭാരങ്ങള്‍ ചുമന്നാണ് നടക്കുന്നത്. മുഖ്യമന്ത്രിക്കെതിരെയും കുടുംബത്തിനെതിരെയും നിരവധി ആരോപണങ്ങള്‍ മാത്യു കുഴല്നാടന് ഉള്‍പ്പെടെയുള്ളവര്‍ കൊണ്ടുവന്നിരുന്നു. അതില്‍ പ്രതിപക്ഷത്തോട് വിദ്വേഷം ഉണ്ടായിരുന്നു. ഈ ഘട്ടത്തില്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയാണ് സതീശനെതിരെ ആരോപണം ഉന്നയിക്കാന്‍ പറയുന്നത്. 150 കോടിയുടെ അഴിമതി സതീശന് നടത്തിയെന്ന് എംഎല്‍എ സഭയില്‍ ഉന്നയിക്കണമെന്ന് പറഞ്ഞു. എനിക്കും ആവേശം വന്നു. പിതാവിനെ പോലെ സ്നേഹിച്ച വ്യക്തിയെ ആക്രമിക്കുന്നതില്‍ എനിക്ക് അമര്‍ഷം ഉണ്ടായിരുന്നു. അങ്ങനെയാണ് വി ഡി സതീശനെതിരെ ആരോപണം ഉന്നയിക്കുന്നത്. സ്പീക്കറുടെ അനുമതിയോടെയാണ് ഉന്നയിക്കുന്നത്’, പി വി അന്‍വര്‍ പറഞ്ഞു.
പി ശശി അന്ന് മുതല്‍ തന്നെ ലോക്ക് ചെയ്യാന്‍ ശ്രമം തുടങ്ങിയിരുന്നുവെന്നും പ്രതിപക്ഷ നേതാവിനുണ്ടായ മാനഹാനിക്ക് കേരളത്തിലെ ജനതയോട് ആത്മാര്‍ത്ഥമായി മാപ്പ് ചോദിക്കുന്നുവെന്നും അന്‍വര്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് മാപ്പ് സ്വീകരിക്കണമെന്നും അന്‍വര്‍ അഭ്യര്‍ത്ഥിച്ചിരുന്നു. പിന്നാലെ വി ഡി സതീശൻ അത് സ്വീകരിക്കുകയും ചെയ്തിരുന്നു.
Add Comment